അരി വിതരണം ചെയ്തില്ല; അംഗന്‍വാടികളിലെ കുരുന്നുകളുടെ ഉച്ചക്കഞ്ഞി മുടങ്ങി

Monday 16 December 2013 10:03 pm IST

പള്ളുരുത്തി: ഭക്ഷ്യധാന്യവിതരണം മുടങ്ങിയതിനാല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ അംഗന്‍വാടികളിലെ കുരുന്നുകള്‍ക്ക്‌ നല്‍കേണ്ട ഉച്ചക്കഞ്ഞിയുള്‍പ്പെടെയുള്ള ഭക്ഷ്യവിതരണം മുടങ്ങി. കഴിഞ്ഞ ഒരു മാസമായി തുടരുന്ന പ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നതിന്‌ സര്‍ക്കാര്‍ വകുപ്പുകളിലെ ബന്ധപ്പെട്ടവര്‍ അനാസ്ഥകാട്ടുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. കേന്ദ്രഭക്ഷ്യമന്ത്രിയും, ഭക്ഷ്യസുരക്ഷാബില്ലിന്റെ ശില്‍പിയുമായ കെ.വി.തോമസിന്റെ മണ്ഡലത്തില്‍ നടക്കുന്ന സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കുന്നതിനോ അന്വേഷണം നടത്തുന്നതിനോ തയ്യാറാകാത്ത മന്ത്രിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ മൂന്നുവര്‍ഷം മുമ്പുവരെ അംഗന്‍വാടികളിലേക്കുള്ള ഭക്ഷ്യശേഖരണം നടത്തി വിതരണം ചെയ്യേണ്ട ചുമതല സിവില്‍ സപ്ലൈസിനായിരുന്നു.
എന്നാല്‍ പിന്നീട്‌ ഇത്‌ സര്‍ക്കാര്‍ നേരിട്ടുനടത്തുകയായിരുന്നു. കുറ്റമറ്റരീതിയില്‍ ഭക്ഷ്യവിതരണം നടത്തുന്നതിനാണ്‌ സര്‍ക്കാര്‍ ഏജന്‍സിയെനേരിട്ട്‌ അംഗന്‍ വാടികളിലേക്കുള്ള ഭക്ഷ്യവിതരണചുമതല ഏല്‍പ്പിച്ചതെന്നായിരുന്നു വിശദീകരണം. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ കൃത്യമായ അളവിലുള്ള പോഷകാഹാരം നല്‍കുന്നതിന്‌ വ്യക്തമായ പാക്കേജ്‌ ഉണ്ടാക്കിയാണ്‌ കുട്ടികള്‍ക്കുള്ള ഭക്ഷണം നല്‍കിപ്പോരുന്നതെന്ന്‌ ഐസിസിഎസ്സിന്റെ ചുമതലയുള്ള ഒരു ഓഫീസര്‍ ജന്മഭൂമിയോടു പറഞ്ഞു.
ചെറുപയര്‍, ശര്‍ക്കര, ഗോതമ്പ്‌, കപ്പലണ്ടി, റാഹി തുടങ്ങിയപോഷകസമൃദ്ധമായ ആഹാരങ്ങള്‍ ഓരോഅംഗന്‍വാടികളിലും മൂന്‍കൂര്‍ സ്റ്റോക്ക്‌ വേണമെന്നും പ്രത്യേക നിഷ്ക്കര്‍ഷയുണ്ട്‌. അരിയും ചെറുപയറും ചേര്‍ത്തുള്ള കഞ്ഞിയും ഉച്ചഭക്ഷണമായി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ നൂറോളം അംഗന്‍വാടികളില്‍ കഴിഞ്ഞഒരുമാസമായി ഇത്തരം ഒരുഭക്ഷണവും നല്‍കിവരുന്നില്ല. ഓണക്കാലത്ത്‌ ഓരോകുരുന്നുകള്‍ക്കും അഞ്ച്‌ കിലോഗ്രാം അരിവീതം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഐസിഡിഎസ്‌ ഓഫീസര്‍മാര്‍ വഴി അംഗന്‍വാടികള്‍ക്ക്‌ ലഭിച്ചതനുസരിച്ച്‌ കുട്ടികള്‍ക്ക്‌ അരിനല്‍കിയതാണ്‌ നിലവിലെ പ്രതിസന്ധിക്ക്‌ കാരണമെന്ന ഐസിഡിഎസ്‌ ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. ഓണത്തിനുനല്‍കേണ്ട അരികൃത്യമായി എത്താത്തതും നിലവിലെ പ്രതിസന്ധിക്ക്‌ ആക്കംകൂട്ടി. അംഗന്‍വാടികളിലേക്ക്‌ കുട്ടികളെ അയക്കുന്നതോടൊപ്പം ഉച്ചഭക്ഷണം വീടുകളില്‍ നിന്നും നല്‍കിവരികയാണ്‌. അതേസമയം ഐസിഡിഎസിന്റെ സൂപ്പര്‍ വൈസര്‍മാരുടെ ജോലിഭാരം അധികമായതിനാലാണ്‌ അംഗന്‍വാടികളിലേക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നതിന്‌ താമസം നേരിടുന്നതെന്ന്‌ ഐസിഡിഎസ്‌ ഓഫീസര്‍മാര്‍ പറയുന്നു. ഒരു സൂപ്പര്‍ വൈസറുടെ കീഴില്‍ അന്‍പതില്‍ അധികം അംഗന്‍വാടികളാണ്‌ ഉള്‍പ്പെടുന്നത്‌.
അംഗന്‍വാടികളില്‍ യഥാസമയം പരിശോധന നടത്തുന്നതിനോ മറ്റും ഇവര്‍ക്ക്‌ കഴിയുന്നുമില്ല. വിധവാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ പെന്‍ഷനുകളുടെ ചുമതലയും ഐസിഡിഎസ്‌ സൂപ്പര്‍ വൈസര്‍മാരുടെ ചുമതലയിലുമാണ്‌. ഭക്ഷ്യവിതരണം മുടങ്ങിയതോടെ അംഗന്‍ വാടിവര്‍ക്കര്‍മാരും, രക്ഷാകര്‍ത്താക്കളും ഒരേപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്‌.
കെ.കെ.റോഷന്‍ കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.