സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Wednesday 18 December 2013 9:45 pm IST

പാലക്കാട്‌: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡുകളും ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലെ ക്രമക്കേടുകളും ഉപഭോക്താക്കളെ വലയ്ക്കുന്നു. സംസ്ഥാനത്ത്‌ 340-ലധികം റേഷന്‍ മൊത്തവിതരണ ഡിപ്പോകളും ഓരോ ഡിപ്പോയ്ക്ക്‌ കീഴിലും 25 മുതല്‍ 50 റേഷന്‍ കടകളുമുണ്ട്‌. 40 ലക്ഷം എപിഎല്‍ സബ്സിഡി കാര്‍ഡുകളും 14,70,841 ബിപിഎല്‍ കാര്‍ഡുകളും 5.95 ലക്ഷം എഎവൈ കാര്‍ഡുകളുമുണ്ട്‌. 2008-ല്‍ നല്‍കിയ കാര്‍ഡുകളുടെ കാലാവധി അവസാനിച്ചെങ്കിലും (5 വര്‍ഷം) പുതിയ കാര്‍ഡ്‌ നല്‍കാനോ അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനോ കാലാവധി കഴിഞ്ഞ്‌ ഒരുവര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരോ സിവില്‍ സപ്ലൈസ്‌ അധികൃതരോ തയ്യാറാകുന്നില്ല. കുടുംബനാഥന്റെ പേരും ഫോട്ടോയും മേല്‍വിലാസവുമുള്ള റേഷന്‍കാര്‍ഡ്‌ അടിസ്ഥാനരേഖയാണെന്നിരിക്കെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള മാനദണ്ഡം കൂടിയാണിത്‌. വിവിധ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി റേഷന്‍കാര്‍ഡ്‌ ഹാജരാക്കുമ്പോള്‍ കാലാവധി കഴിഞ്ഞ കാര്‍ഡെന്ന നിലപാടിലാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. 2007 അവസാനം വിതരണം നടത്തേണ്ട കാര്‍ഡ്‌ 2009-ലാണ്‌ നല്‍കിയത്‌. അതുമൂലം 2013-ലെ വിവരങ്ങള്‍ ഒഴിഞ്ഞ കോളങ്ങളിലാണ്‌ രേഖപ്പെടുത്തുന്നത്‌. അഞ്ച്‌ വര്‍ഷം കഴിയുമ്പോള്‍ കാര്‍ഡുകള്‍ പുതുക്കേണ്ട നടപടി സെപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളിലാണ്‌ സാധാരണയായി നടത്തുക. 2012-ലും 2013-ലും ഇതുസംബന്ധിച്ചുള്ള നടപടികള്‍ സിവില്‍സപ്ലൈസ്‌ ഡയറക്ടറേറ്റ്‌ പുറപ്പെടുവിച്ചിട്ടില്ല. റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും സ്മാര്‍ട്ട്കാര്‍ഡുകള്‍ വരുന്നതിനാലുമാണ്‌ പുതിയ കാര്‍ഡുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്‌.
ഭക്ഷ്യസുരക്ഷാനിയമം വരുന്നതോടെ രണ്ടുതരം കാര്‍ഡുകള്‍ മാത്രമാകുമെന്നും ഇതിനായി പ്രത്യേക ഉത്തരവ്‌ വന്നാല്‍ മാത്രമേ പുതിയ കാര്‍ഡുകള്‍ അനുവദിക്കുകയുള്ളൂ എന്നാണ്‌ ഔദ്യോഗിക വൃത്തങ്ങളുടെ ഭാഷ്യം. പുതിയ കാര്‍ഡുകളുടെ അച്ചടിയും അനിശ്ചിതത്വത്തിലാണ്‌. മണ്ണെണ്ണയുടെ സബ്സിഡി ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ വരുന്നതും റേഷന്‍കാര്‍ഡ്‌ ഉപയോഗിച്ച്‌ ഏത്‌ റേഷന്‍കടയില്‍നിന്നും സാധനം വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനം പാസായെങ്കിലും അതും കടലാസില്‍ മാത്രമായി ഒതുങ്ങി.
മുന്‍കാലങ്ങളില്‍ റേഷന്‍കടയെ ആശ്രയിച്ചിരുന്നവര്‍ ഇന്ന്‌ സപ്ലൈകോ, മാവേലി, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്‌, നന്മ സ്റ്റോര്‍ തുടങ്ങിയവയെയും ആശ്രയിക്കുന്നു. ജില്ലയില്‍ 2012-2013ല്‍ രണ്ടായിരത്തിലധികം എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി. അനര്‍ഹരായ മൂവായിരത്തിലധികം ബിപിഎല്‍ കാര്‍ഡുകള്‍ എപിഎല്‍ ആക്കി. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനാല്‍ എപിഎല്ലുകാര്‍ക്കുള്ള ഗോതമ്പ്‌ വിതരണം നിര്‍ത്തലാക്കി. വിപണിയിലെ വിലവര്‍ധനയ്ക്കെതിരെ റെയ്ഡും പരിശോധനയും ശക്തമാക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌. 2009-2011ലെ കണക്കെടുപ്പ്‌ പ്രകാരം 32 ലക്ഷം പേര്‍ ബിപിഎല്‍ കാര്‍ഡിന്‌ അര്‍ഹരാണെങ്കിലും കേന്ദ്രമാനദണ്ഡപ്രകാരം 12 ലക്ഷം കാര്‍ഡുകളേ നല്‍കാനാകൂ. നിലവില്‍ 12 ലക്ഷം ബിപിഎല്‍ അപേക്ഷകള്‍ വിവിധ ജില്ലകളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നാണ്‌ കണക്ക്‌.
കൃഷ്ണകുമാര്‍ ആമലത്ത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.