'ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ലക്ഷ്യമിടുന്നത്‌ ജനപങ്കാളിത്ത വികസനം'

Wednesday 18 December 2013 9:43 pm IST

കണ്ണൂര്‍: പശ്ചിമഘട്ട സംരക്ഷണത്തിന്‌ വേണ്ടി പഠനം നടത്തി സര്‍ക്കാരിന്‌ സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ലക്ഷ്യമിടുന്നത്‌ പരിസ്ഥിതി സംരക്ഷിച്ച്‌ കൊണ്ട്‌ ജനപങ്കാളിത്തത്തോടെയുള്ള വികസനമാണെന്ന്‌ മാധവ്‌ ഗാഡ്ഗില്‍ പറഞ്ഞു. ജില്ലാ പരിസ്ഥിതി സമിതിയും പശ്ചിമഘട്ട സംരക്ഷമ സമിതിയും സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര പഠനത്തിന്‌ ശേഷമാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ ഏറെ തെറ്റിദ്ധാരണ ഉണ്ടായി. 2010 ലാണ്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തെ കുറിച്ച്‌ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിച്ചത്‌. ഏതൊക്കെ പ്രദേശങ്ങളാണ്‌ സംരക്ഷിക്കപ്പെടേണ്ടത്‌, സംരക്ഷണത്തിന്‌ എന്ത്‌ മാര്‍ഗ്ഗങ്ങളാണ്‌ ആവശ്യം, ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌ തുടങ്ങിയവയായിരുന്നു പ്രധാനമായും പഠന വിഷയമാക്കിയത്‌. തൃത്താല പഞ്ചായത്ത്‌ പ്രതിനിധികള്‍, എംഎല്‍എമാര്‍, എംപിമാര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുമായി വിശദമായി ചര്‍ച്ച നടത്തി. നേരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ജോലി ചെയ്യുമ്പോള്‍ പശ്ചിമ ഘട്ട പ്രദേശത്ത്‌ 10 വര്‍ഷത്തോളം താമസിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്നും ഗാഡ്ഗില്‍ പറഞ്ഞു.
വികസനവും പരിസ്ഥിതി സംരക്ഷണവുമാണ്‌ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍. ഗോവയിലുള്ള അനിയന്ത്രിതമായ ഖാനനം, അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക്ക്‌ പ്രൊജക്ട്‌, കര്‍ണ്ണാടകയിലുള്ള ഹുണ്ടി അണക്കെട്ട്‌ തുടങ്ങിയവ പരിസ്ഥിതിക്ക്‌ കോട്ടമുണ്ടാക്കുമെന്ന്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക്ക്‌ പ്രൊജക്ട്‌ നടപ്പാക്കുന്നതിന്‌ ഒട്ടേറെ തെറ്റായ വിവരങ്ങളാണ്‌ നല്‍കിയത്‌. പൊതു തെളിവെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. വനവാസികളുടെ അഭിപ്രായമോ അനുവാദമോ വാങ്ങിയില്ല. എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തിയാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. പ്രദേശത്തെ നിത്യഹരിത വനങ്ങളേയും ജൈവ വൈവിധ്യത്തെയും നശിപ്പിക്കാന്‍ താപവൈദ്യുത നിലയം കാരണമാകും. തെറ്റായ നിലപാടിലൂടെയാണ്‌ പദ്ധതി നടപ്പിലാക്കാന്‍ ശ്രമം നടന്നത്‌.
തൃത്താല പഞ്ചായത്തുകളുമായി ആലോചിച്ച്‌ ജനപങ്കാളിത്തത്തോടെയാണ്‌ വികസനം നടപ്പിലാക്കേണ്ടത്‌. ഏത്‌ തരത്തിലുള്ള വികസനമാണ്‌ വേണ്ടതെന്ന്‌ ചര്‍ച്ച ചെയ്യണം. ജൈവ വൈവിധ്യങ്ങളുടെ കലവറയായ സര്‍പ്പക്കാവുകളും ജലസ്രോതസ്സുകളും സംരക്ഷിക്കണം. ജൈവ കൃഷി പ്രോത്സാഹിപ്പിക്കണം. ജൈവകൃഷിയിലേര്‍പ്പെട്ട കര്‍ഷകര്‍ക്ക്‌ പ്രത്യേക ആനുകൂല്യം നല്‍കണം.
എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ഇത്തരം നിര്‍ദ്ദേശങ്ങള തള്ളിക്കൊണ്ടുള്ളതാണ്‌. റിസര്‍വ്വ്‌ ഫോറസ്റ്റുകളെ കുറിച്ചും വന്യജീവി സങ്കേതങ്ങളെ കുറിച്ചുമാണ്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പ്രതിപാദിക്കുന്നത്‌. പൊതുജന പങ്കാളിത്തത്തെകുറിച്ച്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള കാഴ്ചപ്പാട്‌ ശരിയല്ല. പൊതുജനങ്ങള്‍ക്ക്‌ ഇത്തരം റിപ്പോര്‍ട്ടില്‍ എങ്ങിനെയാണ്‌ അഭിപ്രായം പറയാന്‍ സാധിക്കുക എന്നാണ്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളതെന്നും ഇതിനോട്‌ യോജിക്കാനാവില്ലെന്നും ഗാഡ്ഗില്‍ പറഞ്ഞു. അഡ്വ. വിനോദ്‌ പയ്യട അധ്യക്ഷത വഹിച്ചു. സി.വിശാലാക്ഷന്‍ സ്വാഗതവും ഭാസ്കരന്‍ വെള്ളൂര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.