ശബരിമല തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ല: കെ.ആര്‍.കണ്ണന്‍

Wednesday 18 December 2013 9:33 pm IST

പാലാ: ശബരിമല തീര്‍ത്ഥാടനം നടത്തുന്ന സ്വാമി അയ്യപ്പന്മാരെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് സഹകാര്‍ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ പാലായില്‍ നടന്ന ആക്രമണങ്ങളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പാലായില്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി നാലിരട്ടി വരെ ബസ് ചാര്‍ജ്ജ് വാങ്ങുന്നു. പൂങ്കാവനത്തില്‍പ്പെട്ട ശബരിഗിരി, കൊച്ചുപമ്പ, മൂഴിയാര്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ശബരിമലയില്‍ യൂണിറ്റിന് 16 രൂപ വരെ ഈടാക്കുന്നു. സര്‍ക്കാര്‍ ശബരിമലയിലേക്ക് നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും വന്‍ തുക വാങ്ങുന്നു. പശ്ചിഘട്ടത്തിന്റെയും മുല്ലപ്പെരിയാറിന്റെയും പേരില്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം സര്‍ക്കാരിന്റെയും സംഘടിത മതസംഘടനകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നു. ഇതിനെതിരെ വരും നാളുകളില്‍ വന്‍പ്രതിഷേധം ഉയരുമെന്നദ്ദേഹം മുന്നറിയിപ്പു നല്കി. ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് മോഹനന്‍ മുത്തോലി, അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി വി.കുട്ടികൃഷ്ണന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി കെ.കെ.ശശി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.