സംസ്ഥാന ഗണിത ഒളിമ്പ്യാഡില്‍ നേട്ടം കൊയ്ത്‌ സരസ്വതി വിദ്യാനികേതന്‍; മോഹന്‍ നന്ദകുമാറിന്‌ ഒന്നാം സ്ഥാനം

Wednesday 18 December 2013 9:48 pm IST

കൊച്ചി: സംസ്ഥാന ഗണിത പരീക്ഷയില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‌ ചരിത്ര നേട്ടം. ദേശീയ ഗണിതശാസ്ത്ര വിഭാഗത്തിന്റെയും, കേന്ദ്ര അറ്റോമിക്‌ എനര്‍ജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ കുസാറ്റ്‌ സംഘടിപ്പിച്ച സംസ്ഥാന ഗണിത ഒളിമ്പ്യാഡിലെ ഉന്നതവിജയമാണ്‌ ഈ ചരിത്ര നേട്ടത്തിന്‌ പിന്നില്‍. ഈ മാസം ഒന്നിന്‌ സംഘടിപ്പിച്ച മത്സരത്തില്‍ വിദ്യാനികേതനിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം കരസ്ഥമാക്കിയാണ്‌ ചരിത്രനേട്ടത്തില്‍ പങ്കാളികളായത്‌.
സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ മോഹന്‍ നന്ദകുമാര്‍. പരീക്ഷ അത്ര എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ വിജയം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും മോഹന്‍ പ്രതികരിച്ചു. രണ്ടാം സ്ഥാനം ലഭിച്ച വിഷ്ണു.എച്ച്‌.നായരും, മൂന്നാം സ്ഥാനം നേടിയ ധനജ്ഞയ്‌ ആര്‍ വര്‍മ്മയും മുമ്പും ഈ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. അഞ്ചാം സ്ഥാനം ലഭിച്ച അതുല്‍ ആന്റണി ഇതാദ്യമായാണ്‌ പരീക്ഷ എഴുതുന്നത്‌.
മുമ്പ്‌ പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ പരീക്ഷയും വലിയ അനുഭവമായിരുന്നുവെന്ന്‌ വിഷ്ണവും, ധനഞ്ജയും പറഞ്ഞു. കേരളമാകെ നടന്ന പരീക്ഷയില്‍ തങ്ങളുടെ സ്കൂളിന്‌ മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ്‌ ഇവര്‍.
മൂന്ന്‌ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ആറ്‌ ചോദ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‌. പ്രത്യേക സിലബസില്‍ തയ്യാറാക്കിയിരിക്കുന്ന ചോദ്യപേപ്പറാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിച്ചത്‌.
സംസ്ഥാന തലത്തില്‍ വിജയിച്ചവരില്‍ ആദ്യ അഞ്ച്‌ പേരില്‍ നാല്‌ വിദ്യാര്‍ത്ഥികളും വിദ്യാനികേതനിലെ കുട്ടികളാണ്‌. ദേശീയതല മത്സരത്തിലേക്കുള്ള ആദ്യ പരീക്ഷയിലാണ്‌ വിദ്യാനികേതന്റെയും ഈ കൊച്ചുമിടുക്കന്മാരുടെയും വിജയം. ദേശീയ പരീക്ഷയില്‍ യോഗ്യത നേടിയ 31 പേരില്‍ 15 വിദ്യാര്‍ത്ഥികളും സരസ്വതി വിദ്യാനികേതനിലെയാണ്‌. മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡില്‍ ഇതാദ്യമായാണ്‌ ഒരു സ്കൂളില്‍ നിന്നും ഇത്രയധികം വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നത്‌. ഈ വിജയം തന്നെയാണ്‌ സരസ്വതി വിദ്യാനികേതന്റെ ചരിത്രനേട്ടത്തിന്‌ പിന്നില്‍. ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. സി.എസ്‌. വെങ്കടരാമന്‍ മെമ്മോറിയല്‍ പുരസ്കാരവും, കാഷ്‌ അവാര്‍ഡും വിജയികള്‍ക്ക്‌ സമ്മാനിക്കും.
ഫെബ്രുവരി 2നാണ്‌ ദേശീയതല മത്സരം. ജൂലൈയില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കണമെന്നാണ്‌ ഇവരുടെ ആഗ്രഹം. സംസ്ഥാന തലത്തിലെ ഉന്നതവിജയം തന്നെ അടുത്ത പരീക്ഷയിലും നേടാനുളള്ള തയ്യാറെടുപ്പിലാണ്‌ ഈ കൊച്ചുമിടുക്കന്മാര്‍.
ഷാഷ്വത്‌ ശുക്ല, ആര്‍.അരവിന്ദ്‌, ജോഷ്വാ പീറ്റര്‍ എബനേസര്‍, എസ്‌.രാഘവ്‌ വൈദ്യനാഥ്‌, എം.അര്‍ജുന്‍, എം.സഞ്ജയ്‌, ദിവ്യശ്രീ ഡീ.പൈ, ആര്‍.രാജലക്ഷ്മി, ഗോകുല്‍ പി.നായര്‍, കീര്‍ത്തി സുരേഷ്‌, അഹമ്മദ്‌ സനിന്‍ (സരസ്വതി വിദ്യാനികേതന്‍), എസ്‌.കൃഷ്ണമൂര്‍ത്തി (അമൃത വിദ്യാലയം, എറണാകുളം), കാര്‍ത്തിക്‌ അനന്തകൃഷ്ണന്‍ (അസീസി വിദ്യാനികേതന്‍), ദ്രിപ്ത രമ്യ സാഹൂ, വിഷ്ണു ഗോപകുമാര്‍ (ഭവന്‍സ്‌ വരുണ വിദ്യാലയ), വി.രാം ഗണേഷ്‌, എം.ഗൗതം നീലകണ്ഠന്‍ (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ), ജെറിന്‍ ബൈജു, സി.സി.രാഹുല്‍ (വിജയഗിരി പബ്ലിക്‌ സ്കൂള്‍, ചാലക്കുടി), കാമേഷ്‌ കുമാര്‍ മീന (കേന്ദ്രീയ വിദ്യാലയ, പോര്‍ട്ട്‌ ട്രസ്റ്റ്‌), ഗായത്രി എന്‍.സുകുമാര്‍ (ഭവന്‍സ്‌, തൃശൂര്‍), ആര്‍ഷാദ്‌ മുഹമ്മദ്‌, കെ.എസ്‌.വിഷ്ണു (രാജഗിരി പബ്ലിക്‌ സ്കൂള്‍, കളമശ്ശേരി), ജിബിന്‍ കെ.ജോര്‍ജ്‌ (കത്തോലിക്കേറ്റ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍, കോട്ടയം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.