മുല്ലപ്പെരിയാര്‍ : തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Wednesday 24 August 2011 4:46 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ അറ്റകുറ്റപണി നടത്താന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. സാങ്കേതിക ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കാത്തതിന്‌ കോടതി കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ചു. അണക്കെട്ടിലെ വിള്ളലുകളിലും മറ്റും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട്‌ അപേക്ഷ നല്‍കിയിരുന്നത്‌. പുതിയ ഡാം നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ മറ്റൊരു അപേക്ഷയും തമിഴ്‌നാട്‌ നല്‍കിയിരുന്നു. ഇതും കോടതി പരിഗണിച്ചില്ല. ഡാമിന്റെ സുരക്ഷയെ കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്‌ വന്ന ശേഷം അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച്‌ സ്വീകരിച്ചത്. കേസില്‍ സാങ്കേതിക ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഉന്നതാധികാര സമിതിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനുള്ള സമയപരിധി 2012 ഫെബ്രുവരി 29 വരെ നീട്ടി നല്‍കിയിട്ടുണ്ട്‌. നേരത്തെ ഒക്‌ടോബര്‍ 31 വരെയായിരുന്നു സമയപരിധി അനുവദിച്ചിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.