ലോക്പാല്‍ ബില്ല്‌ യാഥാര്‍ത്ഥ്യമായി

Wednesday 18 December 2013 10:15 pm IST

ന്യൂദല്‍ഹി: അഞ്ചു ദശാബ്ദത്തിനിടയിലെ പരാജയപ്പെട്ട 11 ശ്രമങ്ങള്‍ക്കു ശേഷം ലോക്പാല്‍ ബില്ല്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കി. രാജ്യസഭയ്ക്കു പിന്നാലെ ലോക്സഭയും ലോക്പാലിനു അനുമതി നല്‍കിയതോടെ സ്വതന്ത്ര ഇന്ത്യയിലെ അഴിമതി നിറഞ്ഞ ഭരണക്രമത്തില്‍ മാറ്റങ്ങള്‍ അനിവാര്യമായി. സമാജ്‌ വാദി പാര്‍ട്ടി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ചര്‍ച്ച കൂടാതെയാണ്‌ ലോക്സഭ ഇന്നലെ ബില്ല്‌ പാസാക്കിയത്‌. 2011 ഡിസംബറില്‍ ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കിയതാണ്‌. എന്നാല്‍ ചൊവ്വാഴ്ച രാജ്യസഭ പാസാക്കിയ ബില്ലില്‍ വന്ന ഭേദഗതികള്‍ അംഗീകരിക്കുന്നതിനായാണ്‌ ലോക്പാല്‍ ഇന്നലെ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചത്‌.
തെലുങ്കാന രൂപീകരണത്തിനെതിരായ സീമാന്ധ്ര എംപിമാരുടെ ബഹളത്തിനിടെ കേന്ദ്ര നിയമമന്ത്രി കപില്‍ സിബലാണ്‌ ലോക്പാല്‍ ബില്ല്‌ ലോക്സഭയില്‍ അവതരിപ്പിച്ചത്‌. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെ അംഗീകരിച്ചതോടെ ശബ്ദവോട്ടോടെ സ്പീക്കര്‍ മീരാകുമാര്‍ ലോക്പാല്‍ പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. ലോക്പാല്‍ അപകടകരമായ ബില്ലാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ മുലായംസിങ്‌ യാദവും കൂട്ടരും സഭ ബഹിഷ്ക്കരിച്ചത്‌. ലോക്പാല്‍ ബില്ല്‌ പാസാക്കിയതിന്റെ അവകാശത്തിനായി കോണ്‍ഗ്രസ്‌ നേതൃത്വം നടത്തിയ ശ്രമങ്ങള്‍ക്ക്‌ ശക്തമായ തിരുത്തുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ ലോക്പാല്‍ പാസായതിന്‌ ആരോടെങ്കിലും നന്ദി പറയണമെങ്കില്‍ അതു അണ്ണാ ഹസാരെയോടും രാജ്യത്തെ ജനങ്ങളോടുമാണെന്ന്‌ പറഞ്ഞു. എന്നാല്‍ ബില്ല്‌ പാസായതിന്റെ മിടുക്കവകാശപ്പെട്ട്‌ പ്രസംഗിച്ച രാഹുല്‍ ഗാന്ധി അഴിമതി തടയുന്നതിനായി എട്ടോളം ബില്ലുകള്‍ കൂടി പിന്നാലെ അവതരിപ്പിക്കുമെന്ന്‌ പറഞ്ഞു.
ലോക്പാല്‍ ബില്ല്‌ പാസാക്കിയ പാര്‍ലമെന്റിന്‌ ഗാന്ധിയന്‍ അണ്ണാ ഹസാരെ നന്ദി അറിയിച്ചു. ദിവസങ്ങളായി തുടര്‍ന്ന ഉപവാസ സമരവും ബില്ല്‌ പാസായതോടെ ഹസാരെ അവസാനിപ്പിച്ചു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.