അമേരിക്കന്‍ ഖേദപ്രകടനം തൃപ്തികരമല്ലെന്ന്‌ ഇന്ത്യ

Thursday 19 December 2013 10:08 pm IST

ന്യൂദല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അപമാനിച്ച സംഭവത്തില്‍ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി നടത്തിയ ഖേദപ്രകടനം മതിയാകില്ലെന്ന്‌ ഇന്ത്യ. ദേവയാനി ഖോബ്രഗഡെക്കെതിരായ കേസ്‌ നിരുപാധികം പിന്‍വലിക്കണമെന്നും ഇന്ത്യ അമേരിക്കയോട്‌ ആവശ്യപ്പെട്ടു.
ദേവയാനിക്കെതിരെ കേസ്‌ നല്‍കിയ ഇന്ത്യന്‍ വംശജയായ വീട്ടുജോലിക്കാരിയുടെ കുടുംബത്തെ പ്രത്യേക വിസ നല്‍കി അമേരിക്കയിലേക്ക്‌ കൊണ്ടുപോയ അമേരിക്കന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്ത്യ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. ഇന്ത്യയില്‍ നിയമ നടപടികള്‍ നേരിടുന്ന ഇന്ത്യയുടെ പൗരന്‍മാരെ സംരക്ഷിച്ചുകൊണ്ടു പോകാന്‍ അമേരിക്കയ്ക്ക്‌ ആരാണ്‌ അധികാരം നല്‍കിയതെന്ന്‌ വിദേശകാര്യമന്ത്രാലയം ചോദിച്ചു. ദേവയാനിയുടെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിനേയും മക്കളേയും ദേവയാനിയെ അറസ്റ്റ്‌ ചെയ്യുന്നതിനു രണ്ടു ദിവസം മുമ്പ്‌ അമേരിക്ക വിസ നല്‍കി കൊണ്ടുപോയിരുന്നു. ദേവയാനിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യയില്‍ ഇവര്‍ക്കെതിരെ കേസ്‌ നിലവിലുള്ളതാണ്‌. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ സംരക്ഷണത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ദേവയാനി സംഭവത്തില്‍ തീരുമാനം ഉണ്ടാകും വരെ തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ എല്ലാവിധ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ്‌ ദേവയാനിയെ അറസ്റ്റ്‌ ചെയ്തതെന്നു വ്യക്തമാക്കിയ ഇന്ത്യന്‍ വംശജനായ യുഎസ്‌ അറ്റോര്‍ണ്ണി പ്രീത്‌ ബരാരയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായി പ്രതികരിച്ചു. ഇന്ത്യയുടെ നിയമസംവിധാനത്തില്‍ ഇടപെടാന്‍ ശ്രമിച്ച യുഎസ്‌ അറ്റോര്‍ണ്ണി പ്രീത്‌ ബരാര വിയന്ന കണ്‍വന്‍ഷന്‍ അനുസരിച്ചുള്ള നയതന്ത്ര പരിരക്ഷ ദേവയാനിക്ക്‌ നല്‍കാത്തതിനെയും വിമര്‍ശിച്ചു. ഇന്ത്യന്‍ വംശജനല്ലെന്നും സമ്പൂര്‍ണ്ണ അമേരിക്കക്കാരനാണെന്നും വരുത്തി തീര്‍ത്ത്‌ അടുത്ത മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ദേവയാനിക്കെതിരായ യുഎസ്‌ അറ്റോര്‍ണ്ണി പ്രീത്‌ ബരാരയുടെ പ്രസ്താവനയെന്നും ഇന്ത്യ ആരോപിക്കുന്നു.
സംഭവത്തില്‍ അമേരിക്ക നിരുപാധികം മാപ്പു പറയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. ഖേദപ്രകടനമല്ല, നിരുപാധികം മാപ്പു പറഞ്ഞ്‌ തെറ്റു തിരുത്തുകയാണ്‌ അമേരിക്ക നടത്തേണ്ടതെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി കമല്‍നാഥ്‌ രംഗത്തെത്തി. സംഭവത്തില്‍ ഗൂഢാലോചന നടന്നതായും ദേവയാനിക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ആവശ്യപ്പെട്ടു.
ഇന്ത്യയുടെ അതിശക്തമായ നിലപാടിനെ തുടര്‍ന്ന്‌ അമേരിക്ക പ്രതിരോധത്തിലായിട്ടുണ്ട്‌. ദേവയാനിയെ അറസ്റ്റ്‌ ചെയ്യുകയും വിവസ്ത്രയാക്കി പരിശോധിക്കുകയും ചെയ്യാനിടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കരമേനോനെ ഫോണില്‍ വിളിച്ച്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ഇന്ത്യയുമായുള്ള അടുത്ത സൗഹൃദം തകര്‍ക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും കെറി പറഞ്ഞു. ദേവയാനി വിഷയത്തില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ പരിശോധിക്കുകയാണെന്ന്‌ വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജെയ്‌ കാര്‍നെയും വ്യക്തമാക്കി.
ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയാണ്‌ അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്‌. സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യ പൂര്‍ണ്ണമായും പിന്‍വലിക്കുന്ന സാഹചര്യത്തിലേക്ക്‌ സംഭവഗതികള്‍ എത്താതെ കേസ്‌ അവസാനിപ്പിക്കാനാണ്‌ അമേരിക്കന്‍ ശ്രമം.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.