സിപിഎം അക്രമത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു

Friday 20 December 2013 9:58 am IST

കോഴിക്കോട്‌: പശ്ചിമഘട്ട സംരക്ഷണ ധര്‍ണയ്ക്കു നേരെ സി.പി.എം. നടത്തിയ അക്രമത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു. കുറ്റ്യാടിക്കടുത്ത നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപ്‌ (29) ഇന്നലെ രാത്രി 9.30 ഓടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്‌. നരിപ്പറ്റയിലെ കൈവേലിയില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണക്കു നേരെ സി.പി.എം. നടത്തിയ കല്ലേറിലും ബോംബേറിലും ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആദ്യം കുറ്റ്യാടി താലൂക്ക്‌ ഗവ. ആശുപത്രിയിലും പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തെയ്യം കലാകാരനായിരുന്നു അനൂപ്‌. അച്ഛന്‍: കണാരന്‍, അമ്മ: സുശീല. സഹോദരന്‍: അജീഷ്‌. പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട്‌ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തിയ ധര്‍ണ്ണയുടെ ഭാഗമായിട്ടാണ്‌ കൈവേലിയില്‍ സമരം. സുരേഷ്‌, ഷാരോണ്‍, രാമചന്ദ്രന്‍ കുമ്പളച്ചോല, മീത്തലെ മണലില്‍ സി. പി. അശോകന്‍ എന്നിവര്‍ക്കും സിപിഎം അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഹിന്ദു ഐക്യവേദി താലൂക്ക്‌ സെക്രട്ടറി സി.പി. കൃഷ്ണന്റെ സ്വാഗതപ്രസംഗം കഴിഞ്ഞ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി. ഇ. രാജേഷ്‌ പ്രസംഗിക്കാന്‍ തുടങ്ങിയ ഉടനെയാണ്‌ ധര്‍ണ്ണ നടക്കുന്ന ബസ്‌ സ്റ്റാന്റിനടുത്തേക്ക്‌ സിപിഎം സംഘം നാടന്‍ ബോംബെറിഞ്ഞത്‌. പിന്നാലെ ശക്തമായ കല്ലേറുമുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയൊരു സംഘം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മാരകായുധങ്ങളുമായി എത്തിയിരുന്നു കുറ്റ്യാടി സി.ഐ. വി. വി. ബെന്നിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം റോഡില്‍ വലയം തീര്‍ത്താണ്‌ 125 ഓളം വരുന്ന ഐക്യവേദി പ്രവര്‍ത്തകരെ പോലീസ്‌ വാഹനത്തില്‍ സ്ഥലത്ത്‌ നിന്ന്‌ മാറ്റിയത്‌. സിപിഎമ്മും ഖാനന മാഫിയയും സംയുക്തമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ കൈവേലിയിലെ അക്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.