അനൂപ്‌ പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആദ്യ ബലിദാനി

Friday 20 December 2013 9:59 pm IST

കോഴിക്കോട്‌: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തുന്ന സമരത്തിന്റെ ആദ്യ ബലിദാനിയാണ്‌ നിട്ടൂരിലെ അനൂപ്‌. കോഴിക്കോട്‌ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പാറകള്‍ പൊട്ടിച്ച്‌ കടത്തിയും മണലൂറ്റിയും മരങ്ങള്‍ മുറിച്ചും പശ്ചിമഘട്ട മേഖലയുടെ പരിസ്ഥിതി സംതുലിതാവസ്ഥയ്ക്ക്‌ തുരങ്കം വെക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതാണ്‌ അനൂപിന്റെ ദാരുണകൊലപാതകത്തിന്‌ ഏക കാരണം.
കൈവേലി മേഖലയില്‍ കൂട്ട്കച്ചവടം നടത്തുന്ന ക്വാറി മാഫിയകളും ഒരു വിഭാഗവും സിപിഎം കാരും ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്‌ ഇക്കഴിഞ്ഞ തിങ്കളാഴ്ച കൈവേലിയില്‍ ഹിന്ദു ഐക്യവേദിയുടെ സായാഹ്ന ധര്‍ണ്ണക്കെതിരെയുണ്ടായ അക്രമം. ബോംബുകളും ബോളറുകളുമായി സിപിഎമ്മിലെ ഒരുവിഭാഗം ക്വാറി മാഫിയകളുടെ ഗുണ്ടകളും ചേര്‍ന്ന്‌ സംഘടിതമായി നടത്തിയ അക്രമത്തിലാണ്‌ അനൂപിന്‌ ഗുരുതരമായി പരിക്കേറ്റത്‌. മൂന്ന്‌ ദിവസം കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ മരണത്തോട്‌ മല്ലടിച്ചു നിന്ന്‌ അനൂപ്‌ ഒടുവില്‍ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.
പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്നുമുള്ള മുദ്രാവാക്യം പണാധിപത്യത്തെ താലോലിക്കുന്ന ഒരു വിഭാഗം മാര്‍ക്സിസ്റ്റുകാരെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചിരുന്നത്‌. തിങ്കളാഴ്ചത്തെ സായാഹ്ന ധര്‍ണ്ണയുടെ ഭാഗമായി തലേദിവസം നടന്ന വാഹന പ്രചരണ ജാഥ തടയാനും സംഘടിത ശ്രമമാണുണ്ടായത്‌. മലയോര മേഖല പണം കൊയ്യാനുള്ള വിളനിലമാക്കിയവര്‍ക്ക്‌ ധര്‍ണ്ണാ സമരം പോലും അസഹ്യമായിരുന്നു.
കൈവേലി പ്രദേശം ഉള്‍പ്പെടുന്ന നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ ഭരണം കയ്യിലുള്ളതിനാല്‍ മാര്‍ക്സിസ്റ്റ്‌ ക്വാറി മാഫിയകളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ കാലമിത്രയും തുടര്‍ന്ന്‌ വരികയായിരുന്നു.
എന്നാല്‍ പ്രകൃതി സംരക്ഷണത്തിന്റെ ബാധ്യത സ്വന്തം ചുമതലയായി ഏറ്റെടുത്ത്‌ ഹിന്ദു ഐക്യവേദിയും അനൂപിനെ പോലുള്ള യുവാക്കളും രംഗത്തിവന്നത്‌ പ്രകൃതി ചൂഷകരുടെ ഉറക്കം കെടുത്തി. മലയോര കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി പള്ളികാര്‍ക്കും ക്വാറി മണല്‍ മാഫിയകള്‍ക്കും പിന്തുണയുമായി ഓടി നടക്കുന്നവരുടെ അജണ്ടയാണ്‌ കൈവേലിയില്‍ ഉണ്ടായ അക്രമം. കൈവേലിയില്‍ ആസൂത്രിതമായി നടന്ന അക്രമവും അനൂപിന്റെ മരണവും പ്രകൃതി സംരക്ഷണപ്രവര്‍ത്തകര്‍ക്കും ദേശസ്നേഹികള്‍ക്കും പുതിയ ദിശാബോധമാണ്‌ വ്യക്തമാക്കിതരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.