വിനോദ്‌ കുമാര്‍ വധം: ഡിവൈഎഫ്‌ഐ നേതാവ്‌ അറസ്റ്റില്‍

Friday 20 December 2013 9:59 pm IST

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍എസ്സ്‌എസ്സ്‌ പ്രവര്‍ത്തകന്‍ സി.എന്‍.വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ രാമന്തളി വില്ലേജ്‌ കമ്മറ്റി അംഗവും ബ്ലോക്ക്‌ കമ്മറ്റി അംഗവുമായ രാമന്തളിയിലെ ടി.പി.അനൂപാണ്‌ ഇന്നലെ പുലര്‍ച്ചെ അറസ്റ്റിലായത്‌. പയ്യന്നൂര്‍ സി.ഐ അബ്ദുള്‍ റഹീമും സംഘവുമാണ്‌ ഇന്നലെ പുലര്‍ച്ചെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ഇയാളെ പിടികൂടിയത്‌. വിനോദ്കുമാറിനെ കൊലപ്പെടുത്തിയ കേസിലും വാഹനം തകര്‍ത്ത കേസിലും അനൂപ്‌ പ്രതിയാണ്‌. സംഭവം നടന്നതിനു ശേഷം ഇയാള്‍ ബംഗളുരുവില്‍ ഒളിവിലാണെന്നും വീട്ടില്‍ വന്നശേഷം തിരിച്ചുപോകുന്നതിനിടയിലാണ്‌ പിടിയിലായതെന്നും പോലീസ്‌ പറഞ്ഞു. ഇതോടെ ഈ അക്രമസംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറായി. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ അനൂപിനെ പതിനാല്‌ ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു.
കേസില്‍ ആകെ 15 പ്രതികളാണുള്ളത്‌. ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ്‌, ബ്ലോക്ക്‌ പ്രസിഡണ്ട്‌ വി.രഞ്ചിത്ത്‌, ഇ.വി.രാജേഷ്‌, കോറോത്തെ അജയന്‍, എന്‍.ജലേഷ്‌ എന്നിവരെ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. എസ്‌എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയടക്കമുള്ളവരെ പോലീസ്‌ ഇനിയും അറസ്റ്റ്‌ ചെയ്തിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പ്രതികളെ ഉടനെ അറസ്റ്റ്‌ ചെയ്യുമെന്നുമാണ്‌ പോലീസ്‌ പറയുന്നത്‌. നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ കേസ്‌ ഏല്‍പിക്കണമെന്ന്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കണ്ട്‌ വിനോദ്‌ കുമാറിന്റെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.