വിലാപയാത്രക്കുനേരെയും ബോംബേറ്‌

Saturday 21 December 2013 10:50 am IST

കോഴിക്കോട്‌: പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണക്കു നേരെ നടന്ന സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകന്‍ കുറ്റ്യാടി നിട്ടൂര്‍ വെള്ളോലിപ്പില്‍ അനൂപിന്‌ (29)ആയിരങ്ങളുടെ അന്ത്യാഞ്ജലി. ആര്‍എസ്‌എസ്‌, ബിജെപി, ഹിന്ദുഐക്യവേദി മറ്റു വിവിധ ക്ഷേത്ര സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍, പരിസ്ഥിതി രംഗത്തെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ അനപിന്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അനൂപിന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കുനേരെയും നിട്ടൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു.
അതിനിടെ, അനൂപിന്റെ മരണത്തിനു കാരണമായ ബോംബെറിഞ്ഞത്‌ സിപിഎം പ്രവര്‍ത്തകന്‍ മുള്ളമ്പത്തെ നന്ദനാണെന്ന്‌ വീഡിയോദൃശ്യങ്ങളിലൂടെ വ്യക്തമായി. ധര്‍ണ്ണയില്‍ പങ്കെടുക്കനെത്തിയവര്‍ക്കുനേരെ ബോംബെറിയുന്ന ദൃശ്യങ്ങളാണ്‌ ഇന്നലെ പുറത്തു വന്നത്‌.
ഇക്കഴിഞ്ഞ 16 ന്‌ നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ആയിരുന്നു ഹിന്ദു ഐക്യവേദി പശ്ചിമഘട്ടസംരക്ഷണ ധര്‍ണ്ണസംഘടിപ്പിച്ചത്‌. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായി പരിഗണിക്കുന്ന തിന്നൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട കൈവേലിക്കടുത്ത്‌ എടോനിമയില്‍ അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ സമരത്തിലായിരുന്നു. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യം സമരം നടന്നെങ്കിലും പിന്നീട്‌ അവര്‍ പിന്‍മാറി. സിപിഎം നേതാക്കളും ഗ്രാമപഞ്ചായത്ത്‌ ഭരണാധികാരികളും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും ക്വാറിമാഫിയയുമായിചേര്‍ന്ന്‌ സമരത്തെ അട്ടിമറിക്കുകയായിരുന്നു.
എന്നാല്‍ സിപിഎമ്മിലെ ഒരുവിഭാഗവും നാട്ടുകാരും ചേര്‍ന്ന്‌ പ്രകൃതി സംരക്ഷണസമിതി യുടെ പേരില്‍ സമരം തുടരുകയായിരുന്നു. സമരത്തെ അടിച്ചമര്‍ത്താന്‍ സിപിഎം നേതൃത്വം ശ്രമിച്ചു. ഹിന്ദു ഐക്യവേദി സമരത്തെ പിന്തുണച്ചതാണ്‌ സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചത്‌. തുടര്‍ന്നാണ്‌ കല്ലേറും ബോംബേറും ഉണ്ടായത്‌. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന്‌ കുറ്റക്കാരെ പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.
അനൂപിന്റെ മരണവിവരമറിഞ്ഞ്‌ പുലര്‍ച്ചെ തന്നെ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ മെഡിക്കല്‍കോളജില്‍ എത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ്‌, സഹ സംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ പി. വി. മുരളീധരന്‍, പി. ജിജേന്ദ്രന്‍, ആര്‍എസ്‌എസ്‌ വടകര ജില്ലാ കാര്യവാഹ്‌ എം. പ്രദീപന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. പി. രാജന്‍, ആര്‍എസ്‌എസ്‌ താലൂക്ക്‌ സംഘചാലക്‌ കെ. ഗംഗാധരന്‍മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ. പി. പ്രകാശ്‌ ബാബു എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി. നിരവധി വാഹനങ്ങളുടെയും നൂറുകണക്കിന്‌ പ്രവര്‍ത്തകരുടെയും അകമ്പടിയോടെ മൃതദേഹം കോഴിക്കോട്‌ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. പിന്നീട്‌ വിലാപയാത്രയായി വീട്ടിലെത്തിച്ച്‌ വൈകിട്ട്‌ അഞ്ചരയോടെ സംസ്കരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.