കൊച്ചി: രാജ്യത്ത് ഇപ്പോഴും ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സാമൂഹ്യപരിഷ്കര്‍ത്താക്കളും ഭരണഘടനാ ശില്പികളും ദീര്‍ഘവീക്ഷണത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികള്ക്കുശേഷവും തൊട്ടുകൂടായ്മ ഇന്നും പലയിടത്തും സജീവമാണ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള നടപടികള്‍ ഇതിനെ ഇല്ലായ്മ ചെയ്യുന്നതില്‍ പൂര്‍ണമായും വിജയിച്ചില്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. അയ്യങ്കാളിയുടെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി കെപിഎംഎസ് പുന്നല ശ്രീകുമാര്‍ വിഭാഗം കൊച്ചിയില്‍ സംഘടിപ്പിച്ച യുഗസ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജു കലാശാല എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: