ശാന്തിഗീതമെഴുതിയ കരുണാകരന്‍ ചിത്രങ്ങള്‍

Saturday 21 December 2013 6:39 pm IST

ആത്മീയമൂല്യം സാധന ചെയ്യുന്ന സി.എന്‍.കരുണാകരന്റെ കല നമ്മുടെ സാംസ്ക്കാരിക നൈരന്തര്യത്തിന്റെ ആത്മാംശമാണ്‌. സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും ലാവണ്യം നിറയുന്ന കരുണാകരന്‍ ചിത്രങ്ങള്‍ ജീവിതപ്രേരണയുടെ താളസ്വരമുതിക്കുന്നു. കേരളീയ ചിത്രകലാ പാരമ്പര്യത്തിന്റെ തനതംശങ്ങളെ സാക്ഷാത്ക്കരിച്ചുകൊണ്ടാണ്‌ ആധുനികതയുടെ മണ്ണില്‍ നിന്നും ഊര്‍ജ്ജം തേടി അത്‌ ഭാരതീയകലയുടെ സുഗന്ധമുണര്‍ത്തുന്നത്‌.
കരുണാകരന്റെ ലോകം സുന്ദരിമാരുടെതും സുന്ദരന്മാരുടെതുമാണ്‌. പ്രകൃതി, മനുഷ്യന്‍, കല-ഇവയുടെ ലയബന്ധമാണ്‌ സിയെന്റെ വരകളും വര്‍ണങ്ങളും. വള്ളികള്‍, മൃഗങ്ങള്‍, പക്ഷികള്‍, ദേവതാരൂപങ്ങള്‍, മനുഷ്യരൂപങ്ങള്‍, സര്‍പ്പങ്ങള്‍, ആകാശചാരികള്‍, അപ്സരസ്സുകള്‍, ഗന്ധര്‍വന്മാര്‍ എല്ലാം ഭ്രമാത്മകമായ പശ്ചാത്തലത്തില്‍ അവിടെ രൂപഭാവങ്ങള്‍ തീര്‍ക്കുന്നു. സ്ഥല സമയങ്ങളുടെ ദൃശ്യഭാഷ രൂപം കൊള്ളുകയാണ്‌.
ചുവര്‍ ചിത്രത്തിന്റെ ഭാവരാഗതാളങ്ങളെ ആത്മനിഷ്ഠമായ ശൈലീവല്‍ക്കരണത്തിലൂടെ സ്വന്തമാക്കുകയാണ്‌ കരുണാകരന്‍. കലാകാരന്മാരില്‍ പലരും സ്ത്രീയുടെ ആടയാഭരണങ്ങളിലുള്ള നഗ്നലാവണ്യത്തില്‍ അഭിരമിക്കുമ്പോള്‍ സിഎന്‍ സ്ത്രീക്ക്‌ ലാവണ്യബോധത്തിന്റെ ആടയാഭരണങ്ങള്‍ സമ്മാനിക്കുന്നു. സ്ത്രീ അവയുടെ രൂപഭാവഗരിമയില്‍ ഇവിടെ ദേവതയാകുന്നു. 'അമ്മ ദൈവം' പോലുള്ള ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്‌. ദ്രാവിഡ ഗോത്ര സ്മൃതികളുണര്‍ത്തുന്ന പൗരാണിക മനുഷ്യന്റെ രൂപഭാവ സങ്കല്‍പ്പങ്ങള്‍ സിഎന്‍ വിടാതെ പിന്തുടരുന്നുണ്ട്‌. പ്രമേയത്തിലും വര്‍ണ സ്വീകരണത്തിലും വര്‍ണ പരിചരണത്തിലും മൗലികമായ സര്‍ഗസംസ്കൃതിയാണ്‌ ദൃശ്യമാവുക. ബിംബങ്ങളും പ്രതീകങ്ങളും മനുഷ്യലോകവും ഫാന്റസിയുടെ സങ്കീര്‍ണഭാവത്തിലൂടെ ഏകത്വമാവഹിക്കുന്നു. സ്വപ്നാത്മകവും പ്രസാദാത്മകവുമായ സിഎന്റെ ദൃശ്യഭാഷയില്‍ സഫലമാകുന്ന വാസ്തുശില്‍പ്പശൈലി ആകര്‍ഷകമാണ്‌. "ചിത്രാവിഷ്ക്കാരത്തിന്‌ ഒരു സ്പിരിച്വല്‍ വാല്യു നിലനിര്‍ത്താന്‍ അറിഞ്ഞൊ അറിയാതെയൊ ഞാന്‍ ശ്രമിക്കാറുണ്ട്‌"- കരുണാകരന്‍ പറയുന്നു. പൗരസ്ത്യമായ മിത്തുകള്‍, ബിംബകല്‍പ്പനകള്‍, പ്രതീകങ്ങള്‍, സങ്കേതങ്ങള്‍-ഇവയെല്ലാം അമാനുഷികാംശത്തിന്‌ ചുറ്റും പാരമ്പര്യത്തിന്റെ മുദ്രകളായി ആ സൃഷ്ടികളില്‍ പ്രത്യക്ഷപ്പെടുന്നു. രൂപസ്ഥാന വ്യവസ്ഥയിലൂടെ സ്ഥലകാലാതീതമായ ദൃശ്യസാധ്യതയാണ്‌ സിഎന്‍ ഒരുക്കുന്നത്‌. അതിഭൗതികമായ ശാന്തിയാണ്‌ (metaphysical calm)അതിന്റെ സാഫല്യം.
കരുണാകരന്‍ ചിത്രങ്ങള്‍ ചലനരഹിതമാണെന്നും അദ്ദേഹം ഒരു അപ്ലൈഡ്‌ ആര്‍ട്ടിസ്റ്റാണെന്നും ചില നിരൂപകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ "എന്റെ പ്രതിബദ്ധത എന്റെ സൃഷ്ടിയോട്‌ മാത്രമാണെന്ന്‌" കലാകാരന്‍ ഉത്തരമേകി. 'ചിത്ര ശില്‍പ്പ'മെന്ന്‌ വിളിക്കാവുന്ന സിമന്റ്‌ ഷീറ്റില്‍ ചെയ്ത മ്യൂറല്‍ റിലീഫുകള്‍ കരുണാകരന്റെ മൗലിക സംഭാവനയാണ്‌. പിച്ചളത്തകിടില്‍ വരയ്ക്കുന്ന മനിയേച്ചര്‍ പ്രപഞ്ചം തഞ്ചാവൂര്‍ രാജസ്ഥാനി പ്ലെയറ്റ്‌ ആര്‍ട്സിനെ അനുസ്മരിപ്പിക്കുന്നു. മദ്രാസ്‌ മ്യൂസിയം, ആര്‍ട്‌ ഗ്യാലറി, തിരുവനന്തപുരം മ്യൂസിയം, ഗുരുവായൂര്‍ കൂത്തമ്പലം, പൊതുസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം സിഎന്റെ കലാപ്രതിഭ തിളങ്ങി. 'ചിത്രകൂട'മെന്ന കേരളത്തിന്റെ ആദ്യഗാലറി കലയ്ക്കും കലാവ്യാപാരത്തിനും പുതിയ മുഖമേകി.
അഥര്‍വ മോക്ഷം, അനുരക്ത, ദേവീസൂക്തം, കാമാക്ഷി, ഗോപികാ സീരീസ്‌, കന്യായാനം, യെല്ലോ ബേര്‍ഡ്‌ തുടങ്ങിയ ആദ്യകാല രചനകള്‍ ആത്മമുദ്രയേകുന്നത്‌ വര്‍ണരേഖകളുടെ സംഗീതമാണ്‌. 'ഫിഗേര്‍സ്‌ ആന്റ്ഫോംസ്‌', 'നൈറ്റ്‌ ഡ്രീംസ്‌', 'ദി ബ്ലൂമിങ്‌' 'മൂണ്‍ലൈറ്റ്‌', 'ഗൗതമി', 'വുമണ്‍ സ്കേപ്‌', ഫോക്ക്‌ ഫാന്റസി, 'വുമണ്‍ വിത്ത്‌ ആനിമല്‍', വുമണ്‍ വിത്ത്‌ ബേര്‍ഡ്സ്‌, ലതിക എന്നീ നവീന സൃഷ്ടികള്‍ കരുണാകരകലയുടെ പരിണാമരമണീയത അടയാളപ്പെടുത്തുന്നു.
വെളിച്ചത്തിന്റെ അലൗകിക സംഗീതത്തില്‍ കലയുടെ ആത്മഹര്‍ഷം നേടുമ്പോഴാണ്‌ സീയെന്റെ കല വിസ്മയ രസത്തിലെത്തുക. ചലനത്തിന്റെ സാന്ദ്രമായ ഊര്‍ജ്ജ പ്രസരണികളില്‍നിന്ന്‌ ഭാവവൈവിധ്യത്തിലേക്കുള്ള പ്രയാണമാണത്‌. ശുദ്ധകലയുടെ തെളിമയും ലാളിത്യവും കൊണ്ട്‌ ലാവണ്യസംസ്കൃതിയുടെ വര്‍ണ സങ്കല്‍പ്പങ്ങളെ മാറ്റി എഴുതുകയായിരുന്നു ഈ കലാകാരന്‍. പഠിച്ചെടുത്ത അക്കാദമിക്‌ ഡിസൈനിങ്ങിന്റെ പാരമ്പര്യോര്‍ജ്ജത്തെ പകര്‍ത്തുകയല്ല, പരീക്ഷണ കൗതുകങ്ങളുടെ അഭ്യാസക്കളരിയായി സ്വന്തം ക്യാന്‍വാസിനെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. മദ്രാസ്‌ സ്കൂളിന്റെ ചിത്രഭാഷാ ശൈലി സ്വാംശീകരിച്ചെങ്കിലും തനതുകലയുടെ ആത്മാംശമാണ്‌ ആ ചിത്ര കൗതുകം. ഗുരുജനങ്ങളായ റോഡ്‌ ചൗധരിയും കെസിഎസ്‌ പണിക്കരും അഭ്യാസദര്‍ശനങ്ങളായി സിഎന്നില്‍ ആദ്യകാലം വിടര്‍ന്നെങ്കിലും ആത്മസ്വാതന്ത്ര്യത്തിന്റെ രേഖാവര്‍ണങ്ങളിലേക്ക്‌ അവ കൂടുമാറി. യൗവനവും പ്രണയവും സ്വപ്നവും സംഗീതവും ചാലിച്ച ഭാവസംഗീതികയായി ചിത്രങ്ങള്‍ പുനഃസൃഷ്ടി നേടി. യൂറോപ്യന്‍ ആര്‍ട്ടിന്റെ പാരമ്പര്യപരിപ്രേക്ഷ്യങ്ങളിലൊ അതിന്റെ നവതരംഗങ്ങളിലൊ ഏറെയൊന്നും സിഎന്റെ മനസ്സ്‌ സഞ്ചരിച്ചില്ല. ഒരുതരം തരള വൈകാരികതയില്‍നിന്ന്‌ പ്രഭവം നേടി മനുഷ്യലാവണ്യ പ്രകൃതിയില്‍ തിടം വെച്ച്‌ ശാന്തി സാഗരത്തില്‍ ലയിക്കുകയാണ്‌ സിഎന്‍ കലയുടെ നിയോഗം. പഴമയെ പരിഹസിക്കാനോ പുതുമയെ ആദര്‍ശവല്‍ക്കരിക്കാനൊ ശ്രമിക്കാതെ അവയുടെ സര്‍ഗാത്മകമായ സമന്വയമാണ്‌ ആ ചിത്ര സംസ്കാരത്തിന്‌ വര്‍ണമേകിയത്‌. അര്‍ത്ഥവത്തായ മൗനത്തിന്റെ ശാന്തിഗീതംപോലെ അത്‌ സൃഷ്ടിയുടെ ആന്തരികതയായി. ഭൗതികപ്രണയവും ആത്മീയസ്നേഹവും വര്‍ണരേഖകളില്‍ അദ്വൈതം പ്രാപിക്കുകയാണ്‌. ജീവിതത്തെയും സാര്‍ത്ഥകമായി സമന്വയിപ്പിക്കുകയായിരുന്നു ഈ കലാകാരന്‍. അലക്ഷ്യമായ ചായത്തേപ്പുകളും അതിവേഗം പിടിച്ച രചനാരീതികളും സിഎന്ന്‌ പഥ്യമല്ല. വര്‍ണ സ്വപ്നാവലികളെ ജലച്ചായത്തിലും ഇനാമലിലും ഓയിലിലും അക്രലിക്കിലും ബിംബസമൃദ്ധണായ മൂര്‍ത്തരൂപങ്ങളായി പരിഭാഷപ്പെടുത്തുകയായിരുന്നു ആ ചിത്രശാല. ഗോത്രവനിതകളും ഗ്രാമീണപ്പെണ്‍കൊടിമാരും പുതിയ ക്യാന്‍വാസുകളില്‍ സ്ത്രീയുടെ സ്വത്വവും ആന്തരികതയും തേടിപ്പോവുകയായിരുന്നു. 'ഗോപികാചിത്രങ്ങള്‍' കരുണാകരന്റെ മിസ്റ്റിക്‌ അനുഭൂതിലയങ്ങള്‍ക്ക്‌ ചിറകേകി. നര്‍ത്തകീ രൂപങ്ങളുടെ വടിവും മിഴിവും നിലയും നടത്തയും നോട്ടവുമായി കരുണാകരന്റെ ഗോപികമാര്‍ യമുനാപുളിനങ്ങളിലെ ആതിരനിലാവില്‍ മുരളീധരനെ തേടി അലയുന്നു. കാവ്യനര്‍ത്തകിയും മോഹിനികളുമായി സിഎന്റെ പ്രണയിനികള്‍ ചങ്ങമ്പുഴയുടെ പ്രണയകാവ്യങ്ങള്‍ക്ക്‌ മുഖചിത്രമെഴുതുന്നു. 'സഞ്ചാരിണീ പല്ലവിനീലതേവ'യെന്ന കാളിദാസന്റെ ഉപദര്‍ശനത്തിന്‌ വ്യാഖ്യാനമെഴുതുകയാണ്‌ അവര്‍.
കളമെഴുത്തിന്റെ കാന്തികവലയും കോലങ്ങളുടേയും തിറയാട്ടങ്ങളുടേയും ചായപ്പെരുമകളും ചാലിച്ചുചേര്‍ത്ത ദ്രാവിഡപ്പെരുമകളാണ്‌ ആ ആലേഖ്യകലയുടെ തനിമ. അനുഷ്ഠാനങ്ങളുടെയും ആചാരക്രമങ്ങളുടേയും ആന്തരികസംഗീതമാണ്‌ അതില്‍നിന്ന്‌ ഉണരുന്നത്‌. എം.വി.ദേവനും നമ്പൂതിരിയും അക്കിത്തം നാരായണനും കാനായിയും ബാലന്‍ നമ്പ്യാരും ആദിമൂലവും പദ്മിനിയും ചരിച്ച ചിത്രചരിത്രാവലിയില്‍ സ്വാത്മപ്രകൃതിയും അഭ്യാസപ്പകിട്ടുമായാണ്‌ സിഎന്‍ ഇടം കണ്ടെത്തിയത്‌. ഓറഞ്ചും നീലയും ചെമപ്പും വെണ്മയും ഇളം വര്‍ണഭേദങ്ങളായി ആ ചിത്ര സഞ്ചയത്തെ സേചനം ചെയ്യുന്നു. ഒമ്പതാം വയസ്സില്‍ ബ്രഹ്മകുളത്തെ വീട്ടിനടുത്ത കുളത്തില്‍ അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങിനിന്ന്‌ പകര്‍ത്തിയ ഒരു താമരയുണ്ട്‌ കരുണാകരന്റെ ഹൃദയത്തില്‍. അതിന്റെ മണവും മധുവും മധുരപരാഗ കണങ്ങളും ദര്‍ശനമായി സ്വന്തം കലയില്‍ വിരിയിക്കുകയാണ്‌ ഈ സര്‍ഗ്ഗപ്രതിഭ.
ഡോ.കൂമുള്ളി ശിവരാമന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.