തങ്കഅങ്കി ഘോഷയാത്ര ഇന്ന്‌ ആരംഭിക്കും

Saturday 21 December 2013 9:25 pm IST

പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്‌ മണ്ഡലപൂജയ്ക്ക്‌ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന്‌ ആറന്മുള ക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിക്കും. പുലര്‍ച്ചെ 5 മുതല്‍ 7 വരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്കയങ്കി ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനത്തിനായി വയ്ക്കും. തുടര്‍ന്ന്‌ 7.30ന്‌ പുറപ്പെടുന്ന ഘോഷയാത്ര നെടുംപ്രയാര്‍ തേവലശ്ശേരി ദേവീക്ഷേത്രമടക്കം വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഉച്ചയ്ക്ക്‌ ഇലന്തൂര്‍ നാരായണമംഗലത്ത്‌എത്തിച്ചേരും. വിശ്രമത്തിന്‌ ശേഷം വൈകിട്ട്‌ 3.30ന്‌ ഇവിടെനിന്ന്‌ പുറപ്പെടുന്ന ഘോഷയാത്ര രാത്രി 9.30ന്‌ ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും.
23ന്‌ രാവിലെ 8ന്‌ ഓമല്ലൂരില്‍നിന്ന്‌ പുറപ്പെട്ട്‌ 12.30ന്‌ കടമ്മനിട്ട ഭഗവതിക്ഷേത്രത്തില്‍ എത്തും. 3ന്‌ പുറപ്പെടുന്ന ഘോഷയാത്ര രാത്രി 8ന്‌ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. 24ന്‌ കോന്നിയില്‍നിന്ന്‌ പുറപ്പെട്ട്‌ വെട്ടൂര്‍ ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം വഴി താത്രി 8.30ന്‌ പെരുനാട്‌ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. 25ന്‌ രാവിലെ 8ന്‌ പുറപ്പെടുന്ന ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക്‌ 1.30ന്‌ പമ്പയില്‍ എത്തിച്ചേരും.
തങ്കഅങ്കി ഘോഷയാത്രയെ പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍ സദാശിവന്‍ നായര്‍, പമ്പ സ്്പെഷ്യല്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍, അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിക്കും. വൈകീട്ട്‌ 3.30ന്‌ പമ്പയില്‍ നിന്നും പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര 5.30ന്‌ ശരംകുത്തിയിലെത്തും. ഇവിടെ ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ബി മോഹന്‍ദാസ്‌, അസി. എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഈശ്വരന്‍ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍ സുഭാഷ്‌ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ച്‌ സന്നിധാനത്തേക്ക്‌ ആനയിക്കും.
വൈകീട്ട്‌ 6.15ന്‌ പതിനെട്ടാംപടിക്ക്‌ മുകളിലെത്തുന്ന തങ്കഅങ്കിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി ഗോവിന്ദന്‍നായര്‍, ബോര്‍ഡംഗങ്ങളായ സുഭാഷ്‌ വാസു, പി കെ കുമാരന്‍, സ്പെഷ്യല്‍ കമ്മീഷണര്‍ കെ ബാബു, ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ച്‌ സോപാനത്തേക്ക്‌ ആനയിക്കും. തന്ത്രി കണ്ഠരര്‌ മഹേശ്വരരും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്ന്‌ തങ്കഅങ്കി ഏറ്റുവാങ്ങി ഭഗവാനു ചാര്‍ത്തി ദീപാരാധന നടത്തും. 26ന്‌ ഉച്ചയ്ക്ക്‌ 11.55 നും 1 നും മദ്ധ്യേ മണ്ഡലപൂജ നടക്കും. അന്ന്‌ രാത്രി 10ന്‌ ഹരിവരാസനം പാടി നട അടയ്ക്കും. തുടര്‍ന്ന്‌ മകരവിളക്കുല്‍സവത്തിനായി 30ന്‌ വൈകീട്ട്‌ 5.30ന്‌ നടതുറക്കും. 14നാണ്‌ മകരവിളക്ക്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.