ബിജെപി പ്രവര്‍ത്തകന്റെ വധം: സിപിഎംകാരന്‌ ജീവപര്യന്തവും പിഴയും

Saturday 21 December 2013 10:11 pm IST

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്‍ പാനൂര്‍ കൂറ്റേരിയിലെ ചെമ്പട്ട കേളുവിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാരനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. കൈവേലിക്കലിലെ കാട്ടീന്റവിട സുരേഷിനെയാണ്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്ജ്‌ വി.കെ.വിജയകുമാര്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചത്‌. ജീവപര്യന്തത്തിന്‌ പുറമെ 307-ാ‍ം വകുപ്പ്‌ പ്രകാരം ഏഴു വര്‍ഷം കഠിന തടവും എക്സ്പ്ലോസീവ്‌ ആക്ട്‌ പ്രകാരം അഞ്ചു വര്‍ഷം വേറെയും തടവ്‌ ശിക്ഷ അനുഭവിക്കണം. കൂടാതെ മൂന്നര ലക്ഷം രൂപ പിഴ നല്‍കുകയും വേണം. പിഴ സംഖ്യ ഒടുക്കുകയാണെങ്കില്‍ കേളുവിന്റെ കുടുംബത്തിന്‌ നല്‍കാനും ജഡ്ജ്‌ ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ അഞ്ച്‌ വര്‍ഷം കൂടി തടവ്‌ ശിക്ഷ അനുഭവിക്കണം. 1995 മാര്‍ച്ച്‌ 10 ന്‌ രാത്രി 9.30 നാണ്‌ കേളുവിനെ മാര്‍ക്സിസ്റ്റ്‌ അക്രമി സംഘം ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തിയത്‌. കേസിലെ രണ്ട്‌ മുതല്‍ ഒന്‍പത്‌ വരെ പ്രതികളെ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വെറുതെ വിട്ടു.
നേരത്തെ കേസ്‌ പരിഗണിച്ച അതിവേഗ കോടതി ഒന്നാം പ്രതിയെ ജീവപര്യന്തത്തിനും രണ്ടു മുതല്‍ ഒമ്പതുവരെ പ്രതികളെ 10 വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച്‌ കേസ്‌ പുനര്‍ വിചാരണ നടത്തണമെന്ന്‌ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന്‌ നടത്തിയ പുനര്‍ വിചാരണയില്‍ ഒന്നാം പ്രതി ഒഴികെയുള്ളവരെ കോടതി വെറുതെ വിടുകയായിരുന്നു. സിപിഎമ്മുകാരായ സി.ബാലന്‍, താഴെ പുരയില്‍ അശോകന്‍, സി.കൃഷ്ണന്‍, ഒ.സി.നവീന്‍ചന്ദ്‌, ഒ.സി.സുധീര്‍, വലിയ പറമ്പത്ത്‌ വിനയന്‍, കെ.കെ.സുകുമാരന്‍, വി.അനീഷ്‌ എന്നിവരായിരുന്നു കേസിലെ മറ്റ്‌ പ്രതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.