ലോകമാതാവിന്റെ സന്ദേശം

Sunday 22 December 2013 6:44 pm IST

സര്‍വ്വശക്തനായ സര്‍വ്വേശ്വരനെ മാതൃഭാവത്തില്‍ സങ്കല്‍പ്പിക്കുന്നതില്‍ നിന്നാണ്‌ 'മായി-ഇസ' ത്തിന്റെ ഉത്ഭവം. ലോകം ഇന്നുവരെ ജഗല്‍പിതാവെന്ന പേരില്‍ ആരാധിച്ചുപോന്ന അതേ വൈഭവമാണ്‌ ലോകജനനി. ജഗദംബ അലിംഗയാണ്‌. അവന്‍, അവള്‍, അത്‌ എന്നുള്ള സങ്കല്‍പ്പങ്ങള്‍ക്കൊക്കെ അതീതയുമാണ്‌. അതുകൊണ്ട്‌ ജഗല്‍പിതാവുതന്നെ ജഗദംബയും!!! ഹിന്ദിയില്‍ 'മായി' എന്നത്‌ അമ്മയുടെ പര്യായമാണ്‌.
സര്‍വ്വേശ്വരാനുഗ്രഹം എന്നത്തേക്കാളുമധികം ലോത്തിന്‌ ആവശ്യമായിത്തീര്‍ന്ന ഈ സന്ദര്‍ഭത്തില്‍, ഇന്നത്തെ ഈ പരീക്ഷണഘട്ടത്തില്‍, വിശാലഹൃദയരും, ധര്‍മനിരതരും, ദൈവഭയവും, ദൈവവിചാരവും ഉള്ളവരും ആയ എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ നിന്നുകൊണ്ട്‌ തന്നെ ആചാരവിശ്വാസങ്ങള്‍ക്ക്‌ അല്‍പ്പമെങ്കിലും ക്ഷതമേല്‍പ്പിക്കാതെ സര്‍വലോകജനനിയെന്ന നിലയില്‍ ദൈവത്തെ ഭജിക്കാന്‍ ഏറ്റവും യോജിച്ച ദിവ്യഭാവനയാണ്‌ 'മായി-ഇസം' നല്‍കുന്നത്‌.
ഏത്‌ മതസ്ഥരും മതേതരരും വര്‍ണമോ ജാതിയോ എന്തുതന്നെ ആയവരും എന്നല്ല സകല മനുഷ്യര്‍ക്കും സ്വീകരിക്കാവുന്നതരത്തില്‍ സൃഷ്ടിക്കപ്പെട്ടൊരു നൂതനാശയമാണ്‌ മായി-ഇസം. അപാരമായ വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും മഹാസമുദ്രമാകുന്നു ജഗദംബ അഥവാ മായി. ഒരു പിഞ്ചുപൈതലിന്‌ അതിന്റെ തള്ള ഏതുപ്രകാരമാണോ, അതു പ്രകാരമാണ്‌ മായിസത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ 'മായി'. മായി മതസ്ഥന്‍ തന്റെ ഭാര്യയൊഴികെ മേറ്റ്ല്ലാ സ്ത്രീകളെയും അമ്മയെന്നനിലയില്‍ കാണണം.
ഈ ലോകം, വിദ്വേഷരഹിതവും സന്തോഷസമൃദ്ധവുമായ ഒരു തറവാട്ടുവീടുപോലെ കരുതേണ്ടുന്ന, ഈ ലോകം, പ്രേമം, സ്നേഹം കാരുണ്യം എന്നിവ നഷ്ടപ്പെട്ടനിലയില്‍ ഇന്നു കാണുന്ന ഈ ലോകം, നമുക്ക്‌ അതിന്റെ നല്ല അര്‍ത്ഥത്തില്‍ വീണ്ടുകിട്ടണമെങ്കില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ഈശ്വരനെ മാതൃഭാവത്തില്‍ കാണുകയാണ്‌.
(തുടരും) (മായി-ഇസം സ്ഥാപിച്ചവരും മായി നിവാസത്തിന്റെ പ്രസിഡന്റും ആയ മായി സ്വരൂപ മായിമാര്‍ക്കണ്ഡ്‌ 1954 ഒക്ടോബര്‍ 8 -ാ‍ം തീയതി ദസ്രാ ശുക്രവാരം കോഴിക്കോട്ട്‌ ചേര്‍ന്ന സഹോദരീ സമ്മേളനത്തില്‍ നല്‍കിയത്‌.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.