പൂര്‍ണാനുഭൂതി

Wednesday 24 August 2011 8:17 pm IST

സത്യമെന്നും അസത്യമെന്നും വേര്‍തിരിഞ്ഞ്‌ രണ്ടുകണ്ടുകൊണ്ടിരിക്കുന്നിടത്തോളം 'ഞാന്‍' എന്ന അഹങ്കാരം വിട്ടുപോകുന്നതല്ല. സത്യം അനുഭവപ്പെട്ട്‌ അഹങ്കാരം വിട്ടൊഴിയുന്നവതോടെ പിന്നെ മിഥ്യ അഥവാ അസത്യം എന്നൊന്നില്ലെന്ന്‌ അനുഭവിക്കാന്‍ കഴിയും.
ബോധസത്യം തന്നെയാണ്‌ എല്ലാവരിലും ഞാന്‍ ഞാന്‍ എന്നിങ്ങനെ സദാ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പക്ഷേ, സത്യമെന്നും അസത്യമെന്നും രണ്ടെന്ന തോന്നില്‍ അവശേഷിക്കുന്നിടത്തോളം ഈ ഞാന്‍ അഹങ്കാരം എന്നറിയപ്പെടുന്നു. അഹങ്കാരം തന്നെയാണ്‌ ജീവന്‍. രണ്ടുണ്ടെന്ന്‌ തോന്നുന്നിടത്തോളം അഹങ്കാരം എന്നറിയപ്പെടുന്നു.
അഹങ്കാരം തന്നെയാണ്‌ ജീവന്‍. രണ്ടുണ്ടെന്ന്‌ തോന്നുന്നിടത്തോളം അഹങ്കാരരൂപനായ ഞാന്‍ വിട്ടുപോകുന്നതല്ല. ഭേദചിന്തയിലും രാഗദ്വേഷങ്ങളിലും പെട്ടുഴന്നുകൊണ്ടേയിരിക്കും. അഖണ്ഡബോധസത്യം അനുഭവപ്പെടുന്നതോടെ ഈ കൊച്ചു ഞാന്‍, കുമിള സമുദ്രത്തില്‍ ലയിക്കുന്നതുപോലെ ആ ബ്രഹ്മസത്യത്തില്‍ ലയിച്ചൊന്നാകും. പിന്നെ അസത്യം എന്നൊന്നവശേഷിക്കുകയില്ല.
പിന്നെയെല്ലാം സത്യം മാത്രം. ഇതാണ്‌ ജീവന്മുക്തന്റെ സര്‍വം ബ്രഹ്മമയം എന്ന അനുഭവം. ഇതാണ്‌ പൂര്‍ണാനുഭൂതി. മായാമയങ്ങളായ നാനാത്വഭാവങ്ങളില്‍ മോഹിച്ച്‌ രാഗദ്വേഷദുഃഖത്തില്‍ മുഴുകുന്ന ജീവന്മാര്‍ സുഖത്തിനായി ജഡവിഷയങ്ങളുടെ പിന്നാലേ കൂടുന്നു. അങ്ങനെ സ്വരൂപമായ ബോധസത്യത്തെ മറക്കുന്നു. തുടര്‍ന്ന്‌ ബ്രഹ്മപ്രാപ്തി സാധ്യമാകാതെ സംസാരക്ലേശത്തില്‍ തന്നെ കഴിയാനുമിടവരുന്നു.
സത്യം അഖണ്ഡബോധരൂപമായ ബ്രഹ്മമാണ്‌. അതിമായ ഉണ്ടാക്കിക്കാണിക്കുന്ന ഭ്രമമാണ്‌ നാനാത്വം. നാമാത്വം ഭേദചിന്തയ്ക്കും രാഗദ്വേഷങ്ങള്‍ക്കും വഴിയൊരുക്കുന്നു. അതുകൊണ്ട്‌ നാനാത്വത്തില്‍ മോഹിക്കുന്ന ജീവന്മാര്‍ സദാ ദുഃഖത്തില്‍ മുഴുകാനിടവരുന്നു.
അവര്‍ സ്വസ്വരൂപമായ ആനന്ദബോധത്തെ മറന്ന്‌ സുഖത്തിനായി ജഡവിഷയങ്ങളുടെ പിന്നാലേ തന്നെ പാഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ അഖണ്ഡാനന്ദരൂപമായ ബ്രഹ്മത്തെ അനുഭവപ്പെടുത്താനേ സാധ്യമല്ല. അവരെന്നും സംസാരദുഃഖത്തില്‍ തന്നെ കഴിയാനിടവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.