തീര്‍ത്ഥാടനപാതയില്‍ വണ്‍വേ സംവിധാനമായില്ല

Sunday 22 December 2013 9:32 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടന പാതയില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുമെന്നും തീര്‍ത്ഥാടക പാതയില്‍ മത്സ്യകച്ചവടവും ഒഴിവാക്കണമെന്നുള്ള കോട്ടയം ആര്‍ഡിഒയുടെ ഉത്തരവിന് പുല്ലുവില. സീസണ്‍ ക്രമീകരണ യോഗത്തില്‍ ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണ് ആര്‍ഡിഒ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി പോലീസുമായി ചേര്‍ന്ന് പദ്ധതികളും തയ്യാറാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്‍വേ സംവിധാനം നടപ്പാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിനെതിരെ ഹിന്ദു ഐക്യവേദി കഴിഞ്ഞദിവസം വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതോടെ പോലീസ് ഭീഷണിയുമായി രംഗത്തെത്തുകയും ചെയ്തു. തിരക്കുണ്ടാകുമ്പോള്‍ മാത്രം ടി.ബി.റോഡ് വഴി വാഹനം തിരിച്ചുവിടുന്ന പോലീസ് വണ്‍വേ സ്ഥിരം സംവിധാനം നടപ്പാക്കാതെ ഉരുണ്ടുകളിക്കുകയാണെന്നും ഹൈന്ദവസംഘടനകള്‍ ആരോപിച്ചു. തീര്‍ത്ഥാടനപാതയില്‍ മത്സ്യ-മാംസാദികളുടെ വില്പന നിയന്ത്രിക്കണമെന്ന ആവശ്യവും ഉത്തരവാദിത്വപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. സീസണ്‍ ക്രമീകരണവുമായി ബന്ധപ്പെട്ട ആര്‍ഡിഒയുടെ നിര്‍ദ്ദേശങ്ങളെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്നും വണ്‍വേ, മത്സ്യക്കച്ചവടം എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഹിന്ദു ഐക്യവേദി നേതാക്കളായ മനോജ് എസ്, ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.