ഗദ്ദാഫിയുടെ പതനം

Wednesday 24 August 2011 9:32 pm IST

മുഅമ്മര്‍ ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഏകാധിപത്യ ദുര്‍ഭരണത്തിന്‌ അന്ത്യംകുറിച്ച്‌ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി മാസങ്ങളായി തുടരുന്ന സമരത്തിലൂടെ വിമതസേന കീഴ്പ്പെടുത്തിയിരിക്കുന്നു. ഗദ്ദാഫിയുടെ കോട്ടയായ ബാ ബുല്‍ അസിസിയയിലേക്ക്‌ ഇരച്ചുകയറിയാണ്‌ വിമതപ്പട ലിബിയന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പിനെ തോല്‍പ്പിച്ച്‌ ദേശീയപതാക മാറ്റി സ്വാതന്ത്ര്യപതാക ഉയര്‍ത്തിയത്‌. ഇതോടെ ലിബിയയുടെ അവസാന പ്രതിരോധവും അവസാനിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. ഗദ്ദാഫി അപ്രത്യക്ഷനായി തുടരുന്നു. ഗദ്ദാഫിയുടെ രണ്ട്‌ പുത്രന്മാര്‍ അറസ്റ്റിലാണെന്ന്‌ പ്രഖ്യാപിച്ചപ്പോഴും കിരീടാവകാശിയായ മകന്‍ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതും ലിബിയ വിമതരുടെ പൂര്‍ണ നിയന്ത്രണത്തിലായോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്‌. സര്‍ക്കാര്‍ സൈന്യത്തിന്റെതന്നെ നിയന്ത്രണത്തിലാണെന്നാണ്‌ ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. ഗദ്ദാഫിയാകട്ടെ ഒളിവിലും പോരാട്ടം തുടരും എന്നും പ്രഖ്യാപിച്ചിരിക്കുന്നു. ലിബിയയില്‍ ഗദ്ദാഫി സ്ഥാനമൊഴിയണം എന്ന്‌ അമേരിക്കയും ബ്രിട്ടനും റഷ്യയും മറ്റ്‌ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്‌. ജനഹിതം ചവിട്ടിമെതിച്ച്‌ സ്വേഛാധിപതിയായി മാറിയ ഗദ്ദാഫി മക്കള്‍ക്ക്‌ ഭരണം കൈമാറിയപ്പോഴുണ്ടായ അഴിമതിയും ദുര്‍ഭരണവുമാണ്‌ വിമതനീക്കത്തിന്‌ മുള പാകിയത്‌. അവിടെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ നാറ്റോ സൈന്യത്തെ നിയോഗിക്കുകയും ചെയ്തു.
അതേസമയം ഇറാഖ്‌ അധിനിവേശത്തെ ഓര്‍മിപ്പിക്കുന്ന ഈ ഇടപെടലിന്‌ പാശ്ചാത്യരാജ്യങ്ങള്‍, പ്രത്യേകിച്ച്‌ അമേരിക്ക തുനിയുന്നത്‌ ലിബിയയുടെ അമൂല്യ എണ്ണസമ്പത്ത്‌ കരസ്ഥമാക്കാനാണ്‌ അല്ലാതെ ജനാധിപത്യം പുനഃസ്ഥാപിക്കാനല്ല എന്ന വിശ്വാസം പ്രബലമാണ്‌. ലിബിയക്ക്‌ ശേഷം അമേരിക്കയുടെ ലക്ഷ്യത്തില്‍ ഇറാന്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ഗദ്ദാഫി ഭരണം പിടിച്ചെടുത്തത്‌ ലിബിയ ഭരിച്ചിരുന്ന ഇദ്‌രിസ്‌ സനൂസി രാജാവിനെ അധികാരഭ്രഷ്ടനാക്കിയാണ്‌. ഗദ്ദാഫി ജനാധിപത്യത്തെപ്പറ്റിയും ഇസ്ലാമി ഭരണത്തെപ്പറ്റിയും വാചാലനായെങ്കിലും തന്റെ സ്വേഛാധിപത്യം ഉറപ്പിക്കാന്‍ ഏത്‌ മ്ലേഛനടപടിക്കും തയ്യാറായതാണ്‌ ജനങ്ങളെ പ്രകോപിപ്പിച്ച്‌ വിമത ഐക്യം രൂപംകൊണ്ടത്‌. ഗദ്ദാഫിയുടെ ദുര്‍ഭരണത്തില്‍ ജനകീയ പ്രസ്ഥാനങ്ങളോ സാംസ്കാരിക കൂട്ടായ്മകളോ വളരാന്‍ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ഉയരുന്ന ചോദ്യം ഗദ്ദാഫിക്കുശേഷം ആര്‌ എന്നതാണ്‌. നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ എന്ന പേരിലാണ്‌ വിമതര്‍ സംഘടിച്ചിരിക്കുന്നത്‌. അതിന്റെ നേതാവ്‌ മുസ്തഫ അബ്ദുല്‍ ജലീലാണ്‌. ഇവര്‍ക്ക്‌ ജനകീയ ഭരണം ഉറപ്പാക്കാനുള്ള നേതൃപാടവം ഉണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു.
പശ്ചിമേഷ്യയില്‍ സമാധാനം ഇന്നും അകലെയാണ്‌. ലിബിയന്‍ ജനതയോട്‌ റഷ്യയും ചൈനയും കൂടി ഐക്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ടുണീഷ്യയിലും ഈജിപ്തിലും ഉണ്ടായ ജനകീയ വിപ്ലവ വിജയമാണ്‌ ലിബിയയെ ഭരണകൂടത്തിനെതിരെ സമരം തുടങ്ങാന്‍ പ്രേരിപ്പിച്ചത്‌. ഇസ്രായേലും പാലസ്തീനുമായുള്ള സംഘട്ടനത്തിനും അറുതി വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്ക നിസ്സഹായമായി നോക്കിനില്‍ക്കുന്നു. ഇസ്രയേലിന്‌ നിലനില്‍ക്കാന്‍ അവകാശമില്ല എന്ന പാലസ്തീന്‍ നിലപാട്‌ ശക്തമായി നിലനില്‍ക്കുന്നു. ഇസ്രയേല്‍ പക്ഷെ അമേരിക്കയുടെ വലംകയ്യായി പാലസ്തീനെതിരെ പ്രതിരോധം തുടരുന്നു. ഈജിപ്തിലെ ഭരണമാറ്റം പക്ഷെ ഇസ്രയേലിന്‌ തിരിച്ചടിയായിരിക്കുകയാണ്‌.
എണ്ണരാജ്യമായ ലിബിയയില്‍ ശക്തമായ ഒരു ഭരണകൂടം നിലവില്‍വരേണ്ടത്‌ ആവശ്യമാണ്‌. ലിബിയയുടെ എണ്ണശേഖരമാണ്‌ അവിടേക്ക്‌ പ്രവേശനം കാത്ത്‌ വിമതര്‍ക്ക്‌ സഹായഹസ്തം നീട്ടുന്ന ലോകശക്തികളുടെ ലക്ഷ്യം എന്ന സംശയം ന്യായമായും ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.