കോണ്‍ഗ്രസിന്‌ മോഡിയുടെ രൂക്ഷവിമര്‍ശനം

Wednesday 24 August 2011 9:36 pm IST

അഹമ്മദാബാദ്‌: രാജ്യത്തെ അഴിമതി അവസാനിപ്പിക്കാനുള്ള അണ്ണാ ഹസാരെയുടെ സമരത്തെ തുടച്ചുനീക്കാന്‍ ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആഞ്ഞടിച്ചു. ഒമ്പത്‌ ദിവസമായി നിരാഹാരം തുടരുന്ന ഹസാരെയുടെ ആരോഗ്യനിലയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഹസാരെയുടെ ആരോഗ്യത്തെക്കുറിച്ച്‌ രാഷ്ട്രത്തിന്‌ ആശങ്കയുണ്ട്‌.
പാര്‍ലമെന്റില്‍ ജനാധിപത്യത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന കോണ്‍ഗ്രസ്‌ ഹസാരെയുടെ മുന്നേറ്റത്തെ എതിര്‍ക്കാന്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളുപയോഗിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം അര്‍ധരാത്രിയോടടുത്താണ്‌ തന്റെ ട്വിറ്ററിലൂടെ മോഡി ഇങ്ങനെ അറിയിച്ചത്‌. ട്വിറ്ററിലൂടെ ഹസാരെക്കെതിരെയുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ആഗസ്റ്റ്‌ 16 ന്‌ ഹസാരെ സത്യഗ്രഹം തുടങ്ങിയതിനുശേഷം ആദ്യമായാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്‌. ജനലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ തുടക്കം മുതല്‍ മോഡി ഹസാരെയെ പിന്തുണക്കുന്നുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ പ്രശ്നത്തില്‍ ഇരട്ടത്താപ്പ്‌ നയമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹസാരെയില്‍നിന്ന്‌ അച്ചടക്കം പ്രതീക്ഷിക്കുന്ന കേന്ദ്രം ഗുജറാത്തിലെ പോലീസില്‍നിന്ന്‌ അത്‌ പ്രതീക്ഷിക്കുന്നില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഒരു ഐപിഎസ്‌ ഉദ്യോഗസ്ഥന്‌ കുറ്റപത്രം നല്‍കിയതിനെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം. തന്റെ സംസ്ഥാനത്തില്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടുന്നതിനാല്‍ ഹസാരെക്ക്‌ അവിടെ സത്യഗ്രഹം അനുഷ്ഠിക്കേണ്ട ആവശ്യമുണ്ടാകില്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.