ഹസാരെയെ പിന്തുണച്ച്‌ വരുണ്‍ രാംലീലയില്‍

Wednesday 24 August 2011 9:36 pm IST

ന്യൂദല്‍ഹി: ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരക്ക്‌ പിന്തുണയുമായി ബിജെപി എംപി വരുണ്‍ ഗാന്ധി രാംലീലാ മൈതാനിയിലെത്തി. ഹസാരെയുടെ അനുയായികള്‍ക്കൊപ്പം വളരെനേരം ചെലവിട്ട വരുണ്‍ഗാന്ധി താനൊരു സാധാരണക്കാരനായാണ്‌ ഇവിടെ വന്നതെന്നും വ്യക്തമാക്കി. സത്യഗ്രഹത്തിന്‌ പൂര്‍ണ പിന്തുണ നല്‍കുമെന്നും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ക്കാരിനെ നേരത്തെ അണ്ണാ ഹസാരെ പ്രശംസിച്ചിരുന്നു. ഹസാരെ രൂപം നല്‍കിയ ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ സ്വകാര്യബില്ലായി അവതരിപ്പിക്കുമെന്ന്‌ നേരത്തെ വരുണ്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. നമ്മുടെ സമയം ഇപ്പോള്‍ തുടങ്ങുന്നു. ഇന്ത്യാക്കാരനെന്ന നിലയില്‍ ഈ നിയമനത്തിനുവേണ്ടി നിലനില്‍ക്കുന്നു. ഇതുവഴി നിയമനിര്‍മാണ പ്രക്രിയയില്‍ എളിയ സംഭാവന നല്‍കാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌, വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിക്കുന്നതിന്‌ അഞ്ചുവര്‍ഷം ജനങ്ങള്‍ക്ക്‌ കാത്തിരിക്കാന്‍ പറ്റില്ല. എന്തുകൊണ്ടാണ്‌ കോടിക്കണക്കിന്‌ യുവജനങ്ങള്‍ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതെന്ന്‌ നാം തീര്‍ച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.