ലഡാക്കില്‍ ചൈന കടന്നുകയറി ടെന്റടിച്ചു

Monday 23 December 2013 11:29 am IST

ലഡാക്ക്: ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശത്തേക്ക് ചൈനീസ് സൈന്യം കടന്നുകയറി ടെന്റു കെട്ടി. ലഡാക്കിലെ ചെപ്സിയിലാണ് യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ഏകദേശം ഇരുപതോളം വരുന്ന ചൈനീസ് സൈനികര്‍ ടെന്റടിച്ചത്. കഴിഞ്ഞാഴ്ചയാണ് സംഭവം. പത്തോളം ടെന്റുകളാണ് സ്ഥാപിച്ചത്. ടെന്റടിച്ച ശേഷം മടങ്ങിയോ അതോ അവര്‍ അവിടെത്തന്നെ തുടരുകയാണോയെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യന്‍ ആര്‍മിയുടെ പ്രതികരണം. ശനിയാഴ്ച രണ്ടു രാജ്യങ്ങളുടേയും സൈനികാധികൃതര്‍ ഫ്ളാഗ് മീറ്റിംഗ് വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റങ്ങള്‍ ഏറെ നടന്ന ചുമാര്‍ പ്രദേശത്തിനടുത്താണ് ചെപ്‌സി മേഖല. അതേസമയം നുഴഞ്ഞുകയറ്റ വാര്‍ത്ത ചൈനീസ് സൈനിക ആസ്ഥാനം നിഷേധിച്ചു. രണ്ട് ദിവസം മുമ്പ് തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യന്‍ ആട്ടിടയന്‍മാരെ ചൈനീസ് സേന തടവിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ നുഴഞ്ഞുകയറ്റ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും ചൈന നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. ദലൗത് ബേഗ് ഓള്‍ഡി മേഖലയില്‍ 19 കിലോമീറ്ററോളം ഉള്ളിലേക്ക് നുഴഞ്ഞുകയറിയ അമ്പതോളം വരുന്ന ചൈനീസ് സേന ഫ്ലാഗ് മീറ്റിംഗിനൊടുവിലാണ് പ്രദേശത്ത് നിന്ന് പിന്‍മാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.