ബംഗ്ലാദേശ്‌ പോലീസിനെതിരെ ആംനെസ്റ്റി

Thursday 25 August 2011 10:14 am IST

ലണ്ടന്‍: ബംഗ്ലാദേശിലെ റാപ്പിഡ്‌ ആക്ഷന്‍ ബറ്റാലിയന്‍ നിയമവിരുദ്ധമായി ജനങ്ങളെ കൊല ചെയ്യുന്നുവെന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. നിയമവിധേയമല്ലാത്ത വധങ്ങള്‍ ഒഴിവാക്കാന്‍ ഒരു റിപ്പോര്‍ട്ടിലൂടെ അവര്‍ ബംഗ്ലാദേശ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. 2004ല്‍ ആരംഭിച്ച സേന 700 പേരെയെങ്കിലും വധിച്ചതായി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. സ്വയം പ്രതിരോധത്തിന്‌ വേണ്ടിയാണ്‌ ഇത്തരം വധങ്ങള്‍ വേണ്ടിവന്നതെന്ന്‌ റാപ്പിഡ്‌ ആക്ഷന്‍ ബറ്റാലിയന്‍ ന്യായീകരിക്കുന്നു. എന്നാല്‍ അറസ്റ്റ്‌ ചെയ്തവരെ അകാരണമായി വെടിവെക്കുകയായിരുന്നുവെന്ന്‌ ആംനെസ്റ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ മെയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഹ്യൂമന്‍ റൈറ്റ്‌ വാച്ച്‌ എന്ന സംഘടനയും കുറെ വര്‍ഷങ്ങളായി ഈ സേന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെ സര്‍ക്കാര്‍ എല്ലായ്പ്പോഴും നിഷേധിക്കുകയാണ്‌.
ആരെയെങ്കിലും റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്സ്‌ കൊലപ്പെടുത്താത്ത ഒറ്റ ആഴ്ചപോലുമില്ല. എന്നാല്‍ അധികൃതര്‍ അവര്‍ വെടിവെപ്പിലോ സംഘട്ടനത്തിലോ കൊല്ലപ്പെട്ടതായാണ്‌ വെളിപ്പെടുത്തുന്നത്‌. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗ്ലാദേശ്‌ ഗവേഷകനായ അബ്ബാസ്‌ ഫെയ്സ്‌ പറഞ്ഞു. എങ്ങനെയൊക്കെ അധികൃതര്‍ വിശദീകരിച്ചാലും അത്‌ നിയമാനുസൃതമല്ലാത്ത വധമാണെന്ന്‌ കണ്ടെത്താനാവും.കൊല്ലപ്പെട്ടശേഷം അന്വേഷണം ഒന്നുകില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയോ അല്ലെങ്കില്‍ റാപ്പിഡ്‌ ആക്ഷന്‍ ബറ്റാലിയന്‍ തന്നെയോ ആണ്‌ നടത്തുന്നത്‌. ആരെയും ശിക്ഷിക്കാന്‍ ഇത്തരം അന്വേഷണങ്ങള്‍ കൊണ്ടായിട്ടില്ല. സേന എപ്പോഴും ഇത്തരം മരണങ്ങളുടെ ഉത്തരവാദിത്തം നിഷേധിക്കുകയും സര്‍ക്കാര്‍ അതിനോട്‌ യോജിക്കുകയുമാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ കാലത്തെ തടവുകാര്‍ തങ്ങളെ കസ്റ്റഡിയില്‍ ക്രൂരമായി ഭേദ്യം ചെയ്തതായും ഭക്ഷണവും ഉറക്കവും നിഷേധിച്ചതായും വൈദ്യുത ആഘാതമേല്‍പ്പിച്ചതായും ആംനെസ്റ്റിയെ അറിയിച്ചു. ജനുവരി 2009 മുതല്‍ 200 അനധികൃത കൊലപാതകങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്നു. അവാമിലീഗ്‌ അധികാരത്തില്‍ വന്നപ്പോള്‍ ഇത്തരം മരണങ്ങള്‍ ഒഴിവാക്കുമെന്ന്‌ പ്രധാനമന്ത്രി ഷേഖ്‌ ഹസീന പ്രതിജ്ഞ ചെയ്തിരുന്നതാണ്‌. ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ക്രിമിനലുകളെ പോലീസ്‌ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന ഏറ്റുമുട്ടലില്‍ ആണ്‌ മരണങ്ങള്‍ സംഭവിക്കുന്നതെന്നാണ്‌ ഇതിനുമുമ്പ്‌ അധികൃതര്‍ അറിയിച്ചിരുന്നത്‌. ഇസ്ലാം തീവ്രവാദത്തിനെതിരെയും കുറ്റകൃത്യങ്ങള്‍ക്കെതിരെയും സേനയുടെ നിലപാടുകള്‍ കര്‍ക്കശങ്ങളായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.