പാല്‍ക്ഷാമം: മില്‍മ വില വര്‍ദ്ധന ആവശ്യപ്പെട്ടേക്കും

Monday 23 December 2013 9:28 pm IST

കോഴിക്കോട്‌: അധികച്ചെലവ്‌ സര്‍ക്കാര്‍ വഹിച്ചില്ലെങ്കില്‍ മില്‍മ പാല്‍ വില വര്‍ദ്ധന ആവശ്യപ്പെട്ടേക്കും.
സംസ്ഥാനത്ത്‌ പാല്‍ ക്ഷാമം രൂക്ഷമായതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ പാല്‍ കൊണ്ട്‌ വരുമ്പോഴുള്ള വന്‍ നഷ്ടം കണക്കിലെടുത്താണ്‌ മില്‍മ ഈ ആവശ്യം ഉന്നയിക്കുക. പുറത്ത്നിന്ന്‌ പാലെത്തിക്കാനുള്ള ചെലവ്‌ സര്‍ക്കാര്‍ വഹിക്കുക, ക്ഷീരകര്‍ഷകര്‍ക്ക്‌ കൂടുതല്‍ സബ്സിഡി നല്‍കി സഹായിക്കുക അതല്ലെങ്കില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുക. ഈ മൂന്ന്‌ കാര്യങ്ങളാകും മില്‍മ സര്‍ക്കാറിന്‌ മുന്നില്‍ വെയ്ക്കുക. വില വര്‍ദ്ധനയ്ക്ക്‌ പൊതുവികാരം എതിരായതിനാല്‍ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യത്തിനായിരിക്കും മില്‍മ സമ്മര്‍ദ്ദം ചെലുത്തുക. ഈ മാസം 27ന്‌ നടക്കുന്ന മലബാര്‍ മേഖലാ യൂണിയന്‍ തെരഞ്ഞെടുപ്പിന്‌ ശേഷമായിരിക്കും ഈ ആവശ്യം സമര്‍പ്പിക്കുക.
ഇവിടെ പാല്‍ ലഭ്യതയില്‍ വന്‍ കുറവ്‌ വന്നതോടെ കര്‍ണ്ണാടക, തമിഴ്‌നാട്‌, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ മില്‍മ പാലെത്തിക്കുന്നത്‌. ഒരു ലിറ്റര്‍ പാലിന്‌ 26മുതല്‍ 28രൂപാ വരെ അവിടെ വില നല്‍കേണ്ടതുണ്ട്‌. കടത്ത്‌ കൂലിയും കൂടും. അപ്രകാരം മൊത്തം ചെലവ്‌ ഇവിടുത്തെ വില്‍പ്പന വിലയേക്കാള്‍ അധികമാണെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇവിടെ ഒരു ലിറ്റര്‍ പാലിന്റെ വില 35 രൂപയാണ്‌. ഈ അവസ്ഥ മില്‍മക്ക്‌ സാമ്പത്തികമായി താങ്ങാനാകില്ല. ക്ഷീര കര്‍ഷകരുടെ സ്ഥിതിയും പരിതാപകരമാണ്‌. പടര്‍ന്ന്‌ പിടിക്കുന്ന കുളമ്പ്‌ രോഗം കര്‍ഷകരെ തകര്‍ക്കുകയാണ്‌. ഉള്ള പശുക്കളെ കിട്ടുന്ന വിലക്ക്‌ വിറ്റ്‌ രംഗം വിടാനുള്ള പ്രവണത കര്‍ഷകരിലുണ്ട്‌. അങ്ങനെ സംഭവിച്ചാല്‍ മില്‍മയുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാകും. കര്‍ഷകര്‍ക്ക്‌ കൂടുതല്‍ സാമ്പത്തിക സഹായം വേണം. നിലവില്‍ നല്‍കുന്ന കാലിത്തീറ്റ സബ്സിഡി വര്‍ദ്ധിപ്പിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പാല്‍ ലിറ്ററിന്‌ അഞ്ചു രൂപയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നായിരിക്കും മില്‍മയുടെ നിലപാട്‌. അങ്ങനെയങ്കില്‍ അതില്‍ നാല്‌ രൂപയെങ്കിലും കര്‍ഷകര്‍ക്ക്‌ നല്‍കാനാകും. കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലും പാലിന്‌ അഞ്ച്‌ രൂപാ തോതില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.
എം.കെ. രമേഷ്കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.