വോട്ടിന്‌ നോട്ട്‌: അമര്‍സിംഗ്‌ പ്രതി

Wednesday 24 August 2011 10:49 pm IST

ന്യൂദല്‍ഹി: വോട്ടിന്‌ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍സിംഗിനെ പ്രതിയാക്കി ദല്‍ഹി പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. മഹാവീര്‍ ബഗോഡ, ഭഗന്‍സിംഗ്‌, സുധീന്ദ്ര കുല്‍ക്കര്‍ണി, സഞ്ജീവ്‌ സക്സേന, സൊഹൈല്‍ ഹിന്ദുസ്ഥാനി എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്‌. ഇതോടൊപ്പം ബിജെപി എംപിയായ അശോക്‌ അര്‍ഗലിനെ പ്രതിചേര്‍ക്കാന്‍ പോലീസ്‌ സ്പീക്കറുടെ അനുമതി തേടി. ഇതേ കേസില്‍ ദല്‍ഹി പോലീസ്‌ അര്‍ധമനസോടുകൂടിയാണ്‌ അന്വേഷണം നടത്തിയതെന്നും പ്രമുഖ രാഷ്ട്രീയനേതാക്കളെ അന്വേഷണത്തില്‍നിന്നും ഒഴിവാക്കിയ പോലീസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചക്കകം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികള്‍ പോലീസ്‌ ഊര്‍ജിതമാക്കിയത്‌. കേസിന്റെ കുറ്റപത്രം ഇന്നുതന്നെ സമര്‍പ്പിക്കുമെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടറായ രാജീവ്‌ മോഹന്‍ അറിയിച്ചു.