ബോണസ്‌ മുന്‍ വര്‍ഷത്തേതു തന്നെ

Wednesday 24 August 2011 10:50 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്‌ കഴിഞ്ഞ വര്‍ഷത്തേതു തന്നെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബോണസിന്‌ അര്‍ഹതയില്ലാത്തവര്‍ക്ക്‌ കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ 150 രൂപ കൂടുതല്‍ നല്‍കും. ഉത്സവ ബത്ത 1500 രൂപയില്‍ നിന്ന്‌ 1750 രൂപയായി വര്‍ധിപ്പിച്ചു. ഓണം അഡ്വാന്‍സ്‌ എല്ലാവര്‍ക്കും 8500 രൂപയാക്കി. തൊഴിലാളികള്‍,മറ്റു വിഭാഗക്കാര്‍,ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കു നല്‍കേണ്ട ബോണസ്‌ സംബന്ധിച്ചു തീരുമാനിക്കുന്നതിനു വെള്ളിയാഴ്ച്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും.
റവന്യൂ വകുപ്പിനു പുറമേ അഡ്മിനിസ്ട്രേറ്റിവ്‌ സെക്രട്ടേറിയറ്റ്‌ സര്‍വീസിനെ കൂടി സംസ്ഥാന സിവില്‍ സര്‍വീസിന്റെ ഭാഗമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഐഎഎസ്‌ കേഡറിലേക്ക്‌ നാമനിര്‍ദ്ദേശം നല്‍കാന്‍ മതിയായ ആളില്ലാത്ത സാഹചര്യത്തിലാണിത്‌.
മണി ചെയിന്‍ ബിസിനസ്‌ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നവരെയും ശരിയായ രീതിയില്‍ ബിസിനസ്‌ നടത്തുന്നവരെയും വേര്‍തിരിച്ചു നടപടി സ്വീകരിക്കുന്നതിനു റിപ്പോര്‍ട്ട്‌ നല്‍കാന്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചു. ധനകാര്യ സെക്രട്ടറി വ്യവസായ സെക്രട്ടറി, നിയമസെക്രട്ടറി അഡ്വക്കേറ്റ്‌ ജനറല്‍, ഡിജിപി എന്നിവരാണ്‌ സമിതി അംഗങ്ങള്‍. ഒരാഴ്ചക്കകം റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ നിര്‍ദ്ദേശം. 2006ല്‍ കരിയിലക്കുളങ്ങരെ എക്സൈസ്ഡ്‌ റയിഡിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ്‌ ഉദ്യോഗസ്ഥന്‍ ജയകുമാറിന്‌ 5 ലക്ഷം രൂപ ധനസഹായം നല്‍കും. വികലാംഗര്‍ക്കു നീക്കി വച്ച 1144 ഒഴിവുകള്‍ സെപ്റ്റംബര്‍ ഒന്നിനു മുന്‍പ്‌ പിഎസ്സിക്കു റിപ്പോര്‍ട്ട്‌ ചെയ്യും. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ കുടുംബത്തിന്‌ അഞ്ചു ലക്ഷം രൂപ അനുവദിച്ചു. കെല്‍ട്രോണ്‍ പുനരുദ്ധാരണത്തിനു പാക്കേജിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി 300 കോടിയുടെ പാക്കേജിന്‌ അംഗീകാരം. സര്‍ക്കാരിന്‌ നല്‍കാനുള്ള കടം ഓഹരിയാക്കി മാറ്റും.
കോട്ടയത്തു ജുഡീഷ്യല്‍ കോംപ്ലക്സ്‌ നിര്‍മിക്കുന്നതിനു 86 ആര്‍ റവന്യൂ ഭൂമി അനുവദിച്ചു. കണ്ണൂര്‍ മൊയ്തു പാലത്തിനു സമാന്തരമായി മറ്റൊരു പാലം പണിയുന്നതിനു സ്ഥലം എടുക്കാന്‍ രണ്ടു കോടി രൂപ കൂടി അനുവദിച്ചു. ടൈറ്റാനിയത്തില്‍ ജോലിനോക്കിക്കൊണ്ടിരിക്കെ ആസിഡ്‌ സ്റ്റോര്‍ ടാങ്കില്‍ വീണ്‌ മരിച്ചയാളിന്റെ വിധവ വിനീതയ്ക്ക്‌ ജോലി നല്‍കാനും തീരുമാനിച്ചു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.