സര്‍വകക്ഷി സമവായമില്ല

Wednesday 24 August 2011 10:51 pm IST

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്ലിനായി സമവായം ഉണ്ടാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പൊളിഞ്ഞു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും സംഘവും മുന്നോട്ടുവെച്ചിരിക്കുന്ന ജന്‍ലോക്പാല്‍ ബില്ലിലെ ചില വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന്‌ രാഷ്ട്രീയപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍പ്രതിനിധി എന്ന നിലയില്‍ കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജി ടീം ഹസാരെയുമായി നടത്തിയ ചര്‍ച്ച വിഫലമായി.
ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ന്യൂദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ഹസാരെ നടത്തുന്ന നിരാഹാര സത്യഗ്രഹം ദേശവ്യാപക പ്രക്ഷോഭമായി മാറുന്ന സാഹചര്യത്തിലാണ്‌ കേന്ദ്രം സര്‍വകക്ഷിയോഗം വിളിച്ചത്‌. കക്ഷിഭേദമെന്യേ പാര്‍ലമെന്റിനാണ്‌ പരമാധികാരമെന്ന്‌ നേതാക്കള്‍ വ്യക്തമാക്കിയതോടെ അഭിപ്രായസമന്വയത്തിനുള്ള സാധ്യത പൊളിയുകയായിരുന്നു. ജന്‍ലോക്പാല്‍ ബില്ലിലെ ചില വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യംചെയ്യുന്നതായതിനാല്‍ അംഗീകരിക്കാന്‍ പറ്റില്ലെന്ന്‌ അവര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വെക്കുകയും തുടര്‍ന്ന്‌ സ്റ്റാന്റിംഗ്‌ കമ്മറ്റിക്ക്‌ വിടുകയും ചെയ്ത ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ ഭാഷ്യം പിന്‍വലിച്ച്‌ കൂടുതല്‍ കാര്യക്ഷമവും ശക്തവുമായ ബില്‍ അവതരിപ്പിക്കണമെന്ന്‌ ഒന്‍പത്‌ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി, ടിഡിപി, രാഷ്ട്രീയ ലോക്ദള്‍, എഐഎഡിഎംകെ തുടങ്ങിയവരാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌.
നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കണമെന്ന്‌ സര്‍വകക്ഷിയോഗം ഹസാരെയോട്‌ ആവശ്യപ്പെട്ടു. ജന്‍ലോക്പാല്‍ ബില്ലിന്‌ അര്‍ഹമായ പരിഗണന നല്‍കണമെന്നും വിശാലമായ ദേശീയ അഭിപ്രായസമന്വയത്തിന്റെ അടിസ്ഥാനത്തില്‍ ശക്തവും കാര്യക്ഷമവുമായ ലോക്പാല്‍ ബില്ലിന്റെ അന്തിമകരടിന്‌ വഴിയൊരുക്കണമെന്നും യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ലോക്പാല്‍ ബില്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന്‌ വിമുഖതയാണെന്ന്‌ ലോക്സഭാ പ്രതിപക്ഷനേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാസ്വരാജ്‌ കുറ്റപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്തകള്‍ വേണമെന്ന ടീം ഹസാരെയുടെ ആവശ്യത്തെ ബിജെപി എതിര്‍ത്തു. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കാന്‍ ഹസാരെ പറയുന്ന കര്‍ശന സമയക്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ നേതാക്കള്‍ ഐകകണ്ഠേന അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍തന്നെ ജന്‍ലോക്പാല്‍ ബില്‍ പാസാക്കണമെന്ന ടീം ഹസാരെയുടെ ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തിരുന്നു.
സര്‍ക്കാരും ടീം ഹസാരെയും തയ്യാറാക്കിയ പുതിയ ലോക്പാല്‍ ബില്ലിന്റെ കരട്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ്‌ 7 റേസ്‌ കോഴ്സ്‌ റോഡിലെ ഔദ്യോഗിക വസതിയില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്‌.
സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ല്‌ പിന്‍വലിക്കണമെന്നും ജന്‍ലോക്പാല്‍ ബില്‍ പൊതുസമൂഹത്തിന്റെ മറ്റ്‌ വിഭാഗങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ത്ത്‌ പുതിയ ബില്‍ അവതരിപ്പിക്കണമെന്നും സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായില്ലെന്നും സത്യഗ്രഹം അവസാനിപ്പിക്കണമെന്ന്‌ യോഗം ഒറ്റക്കെട്ടായി ഹസാരെയോട്‌ അഭ്യര്‍ത്ഥിച്ചതായും ശിവസേനാ നേതാവ്‌ മനോഹര്‍ ജോഷി പറഞ്ഞു.
ഇതിനിടെ, ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ്‌ കമ്മറ്റിയുടെ പരിഗണനക്ക്‌ അയച്ചതായി കേന്ദ്ര പേഴ്സണല്‍ വകുപ്പുമന്ത്രി വി. നാരായണസ്വാമി രാജ്യസഭയില്‍ പറഞ്ഞു.
സര്‍വകക്ഷി യോഗത്തിന്റെ പൊതുവികാരം കണക്കിലെടുത്ത്‌ അണ്ണാ ഹസാരെ സത്യഗ്രഹം പിന്‍വലിക്കണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അഭ്യര്‍ത്ഥിച്ചു. ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള ടീം ഹസാരെയുടെ സമയപരിധി പരാമര്‍ശിക്കവെ ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്നും സര്‍ക്കാര്‍ എല്ലാം അംഗീകരിക്കുമെന്ന്‌ അര്‍ത്ഥമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹസാരെയുടെ ആരോഗ്യനിലയില്‍ പ്രധാനമന്ത്രിക്ക്‌ ആശങ്കയുണ്ടെങ്കില്‍ ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ വെക്കുമെന്ന്‌ അദ്ദേഹം ഉറപ്പുതരണമെന്ന്‌ പൊതുസമൂഹ പ്രതിനിധികളില്‍ ഒരാളായ അരവിന്ദ്‌ കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. അതിന്‌ ശേഷമേ ഹസാരെ സത്യഗ്രഹം പിന്‍വലിക്കുകയുള്ളൂ. അണ്ണാ ഹസാരെക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.