തുറമുഖങ്ങള്‍ വഴി അരി ഇറക്കുമതി ചെയ്യുന്നതിന്‌ നടപടിയായി

Tuesday 24 December 2013 9:43 pm IST

കൊച്ചി: സംസ്ഥാനത്തെ അഞ്ച്‌ തുറമുഖങ്ങള്‍ വഴി അരി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി എക്സൈസ്‌ തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊച്ചി തുറമുഖം വഴി കപ്പല്‍ മാര്‍ഗം അരിയെത്തിക്കും. രണ്ടാംഘട്ടത്തില്‍ വിഴിഞ്ഞം തുറമുഖം വഴിയും അരി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസിന്റെ അധ്യക്ഷതിയില്‍ ഡല്‍ഹയില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പിന്റേയും സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉപഭോക്തൃ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചിതുറമുഖമുള്‍പ്പെടെ അഞ്ച്‌ തുറമുഖങ്ങളില്‍ കപ്പല്‍ മാര്‍ഗം അരി ഇറക്കുമതി ചെയ്യാനാണ്‌ സര്‍ക്കാര്‍ തീരുമാനം. കൊല്ലം തുറമുഖത്ത്‌ കപ്പല്‍ മാര്‍ഗം അരി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. കൊടുങ്ങല്ലൂര്‍, അഴീക്കല്‍ തുടങ്ങിയ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പച്ച്‌ അവിടേയും കപ്പല്‍ മാര്‍ഗം അരി ഇറക്കുന്നതിന്‌ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പലുകളില്‍ ഇറക്കുന്ന അരി ഗോഡൗണുകളിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ പകരം നേരിട്ട്‌ വിപണികളിലേക്കും വിതരണക്കാരിലുമെത്തിക്കുന്നതിനെ കുറിച്ചും ആലോചനയിലാണ്‌. ക്രിസ്തുമസ്‌-പുതുവത്സര വിപണിയിലിടപെടുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസിനും കണ്‍സ്യൂമര്‍ ഫെഡിനും 25 കോടി രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. ഉപഭോക്താവിന്റെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി കണ്‍സ്യൂമര്‍ ഫോറങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. സ്വര്‍ണത്തിന്‌ ഐ.എസ്‌.ഒ സര്‍ട്ടിഫിക്കേഷന്‍ ഉള്ളത്‌ പോലെ ഡയമണ്ടിനും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന്‌ നടപടി സ്വീകരിച്ചതായി ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ പറഞ്ഞു. നിയമങ്ങളുടെ പ്രയോജനം സാധാരണക്കാരിലെത്തിക്കാന്‍ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കേണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ബി.റ്റി.എച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സപ്ലൈക്കോ സി.എം.ഡി ശ്യാം ജനന്നാഥന്‍, ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍, സപ്ലൈക്കോ ജനറല്‍ മാനേജര്‍ ജേക്കബ്ബ്‌ ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.