വനയോഗി ദേശ്പാണ്ഡെ ജന്മശതാബ്ദിക്ക്‌ നാളെ തുടക്കം

Tuesday 24 December 2013 10:11 pm IST

തിരുവനന്തപുരം : അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ സ്ഥാപകാധ്യക്ഷന്‍ വനയോഗി രമാകാന്ത്‌ കേശവ്‌ ദേശപാണ്ഡെയുടെ ജന്മശതാബ്ദി കേരളത്തിലും വിവിധ പരിപാടികളോടെ ആഘോഷിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്‌ നടക്കും. വനവാസി നേതൃസംഗമം, ശോഭായാത്ര, സാംസ്കാരിക സമ്മേളനം, സമാദണ സഭ, ഗോത്രകല അരങ്ങ്‌ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സംസ്കൃതി ഭവനില്‍ രാവിലെ 10.30ന്‌ മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ നിര്‍വ്വഹിക്കും. വനവാസി നേതൃത്വസംഗമത്തില്‍ വനവാസി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം ആദിവാസി ദളിത്‌ മുന്നേറ്റ സമിതി ഭാരവാഹി ശ്രീരാമന്‍ കൊയ്യോനും. വനവാസികള്‍ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി എന്ന വിഷയം വിദ്യാഭ്യാസ സംരക്ഷണ സമിതി പ്രതിനിധി എസ്‌. രാമനുണ്ണിയും അവതരിപ്പിക്കാം. മോഹന്‍ ത്രിവേണി (ആദിവാസി മഹാസഭ), സി.കെ. രാജശേഖരന്‍ (മലവേടര്‍ ആദിവാസി മഹാസഭ), കെ.കെ. ബലറാം (ആര്‍എസ്‌എസ്‌ പ്രാന്ത സഹ. സംഘചാലക്‌) എന്നിവര്‍ സംസാരിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌. ബിജു മറുപടി പ്രസംഗം നടത്തും. വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ്‌ പള്ളിയറ രാമന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍സെക്രട്ടറി ടി.വി. രാഘവന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം കെ.ജി. തങ്കപ്പന്‍ നന്ദിയും പറയും. വൈകുന്നേരം 4.30ന്‌ വനവാസികളുടെ തനതു വേഷങ്ങളണിഞ്ഞ്‌ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ശോഭായ്ത്ര സ്റ്റാച്യുവില്‍ നിന്ന്‌ ആരംഭിച്ച്‌ തലക്കര ചന്തു നഗറില്‍ (ഗാന്ധിപാര്‍ക്ക്‌) സമാപിക്കും. തുടര്‍ന്ന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം ഇടുക്കി കോവില്‍ മല രാജാവ്‌ രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്യും. ബാലാസാഹേബ്‌ ദേശ്‌ പാണ്ഡെയുടെ ജീവചരിത്രം വനവാസി കല്യാണ്‍ ആശ്രമം കാര്യകാരി അംഗം നാരായണ്‍ ദേവ്‌ പ്രകാശനം ചെയ്യും. 'വനവാസി കല്യാണ്‍ ആശ്രമം കാര്യ പരിചയം' ആര്‍എസ്‌എസ്‌ സഹസംഘചാലക്‌ അഡ്വ. കെ.കെ. ബലറാം പ്രകാശനം ചെയ്യും. വനവാസി പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. കൈമനം അമൃതാനന്ദമയി മഠം പ്രതിനിധി ശിവാമൃതചൈതന്യ, കവയിത്ര സുഗതകുമാരി, സീമാ സുരക്ഷാ അഖില ഭാരതീയ സഹ. സംഘടനാ സെക്രട്ടറി എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ഡോ. കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന സമിതി അംഗം കെ. പ്രമോദ്കുമാര്‍ സ്വാഗതവും പറയും. തുടര്‍ന്ന്‌ വനവാസി സമൂഹങ്ങളുടെ തനത്‌ നൃത്യങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.എസ്‌. നാരായണന്‍, മോഹനന്‍ സേവാഭാരതി, ആര്‍. രാമചന്ദ്രന്‍, രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.