മങ്കട: മലപ്പുറം മങ്കടയില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര് മരിച്ചു. കരിമല മേലേകുത്ത് സ്വദേശി ആന്റണിയുടെ മകന് സിനോ (9), ബിനോ (10), സഹോദരപുത്രന് സിജോ (12), മുത്തച്ഛന് മണ്ണാര്‍ക്കാട് സ്വദേശി ദേവസ്യ എന്നിവരാണ് മരിച്ചത്.
പാറക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് ആഘോഷത്തിനുശേഷം രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവസ്യ പേരക്കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നാല് പേരെയും കാണാതിരുന്നതിനാല്‍ ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു.
വസ്ത്രങ്ങളും ചെരുപ്പും കരയില്‍ കണ്ട് നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. ഏറെ നേരത്തെ തിരച്ചിലിനു ശേഷം വൈകുന്നേരത്തോടെ നാല് പേരുടെയും മൃതദേഹം കണ്ടെടുത്തു.
ബിനോ അല്‍ അമീന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും സിനോ മങ്കട ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: