നോര്‍ത്ത്‌ പാലം പൊളിക്കല്‍: ഗതാഗതനിയന്ത്രണത്തില്‍ വ്യാപക പ്രതിഷേധം

Wednesday 24 August 2011 10:54 pm IST

കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്കായി നോര്‍ത്ത്‌ മേല്‍പാലം പൊളിക്കുന്നതിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത നിയന്ത്രണം ശനിയാഴ്ച നിലവില്‍വരും. നോര്‍ത്ത്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഇരു വശങ്ങളിലും ചെറിയവാഹനങ്ങള്‍ക്കായിട്ടുള്ള ചെറിയ രണ്ട്‌ പാലങ്ങളാണ്‌ പൊളിക്കുന്നത്‌.
കാക്കനാട്‌, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന്‌ ബാനര്‍ജി റോഡ്‌ വഴി മേനക, മറൈന്‍ ഡ്രൈവ്‌ തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക്‌ പോകുന്ന വാഹനങ്ങള്‍ കലൂര്‍ കതൃകടവ്‌ റോഡ്‌വഴി തിരിച്ച്‌വിടും. ബസുകള്‍ ഉള്‍പ്പടെയുള്ള വലിയവാഹനങ്ങള്‍ നിലവിലുള്ളമേല്‍പ്പാലം വഴിതന്നെപോകും.
കലൂര്‍-കതൃക്കടവ്‌ റോഡ്‌ കൂടാതെ തമ്മനം പുല്ലേപ്പടിറോഡ്‌, കളമശ്ശേരി വല്ലാര്‍പാടം റോഡ്‌ തുടങ്ങിയ പാതകളിലൂടെയായിരിക്കും ഗതാഗതം പരീക്ഷണാടിസ്ഥാനത്തില്‍ തിരിച്ച്‌ വിടുക. വന്‍ഗതാഗതകുരുക്ക്‌ ഉണ്ടാക്കുന്ന കുപ്പിക്കഴുത്തുകള്‍ നേരെയാക്കും. കലൂര്‍, കടവന്ത്ര, പള്ളിമുക്ക്‌, ജോസ്‌ ജംഗ്ഷന്‍, മേനക തുടങ്ങിയ പ്രധാനസ്ഥലങ്ങളില്‍ അനധികൃത പാര്‍ക്കിംഗ്‌ കര്‍ശനമായി നിരോധിക്കും.
തമ്മനം- പുല്ലേപ്പടി റോഡ്‌ നന്നാക്കുവാന്‍ 25 കോടിരൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. ഗതാഗതകുരുക്ക്‌ രൂക്ഷമാകാതിരിക്കുവാന്‍ പുല്ലേപ്പടി മേല്‍പ്പാലത്തില്‍ ഇപ്പോഴുള്ള ടോള്‍ ബൂത്ത്‌ മാറ്റിസ്ഥാപിക്കും. ഗതാഗതകുരുക്കിന്‌ കാരണമാകുന്ന ഓട്ടോറിക്ഷയുടെ അനധികൃത സ്റ്റാന്റ്‌ നീക്കം ചെയ്യും. പതിനെട്ട്‌ മാസം കൊണ്ട്‌ നോര്‍ത്ത്‌ ഓവര്‍ബ്രിഡ്ജും പതിനാല്‌ മാസംകൊണ്ട്‌ സലിംരാജന്‍ റോഡിലെ ഫ്ലൈ ഓവറും പൂര്‍ത്തീകരിക്കുവാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
അതേസമയം ഓണം- റംസാന്‍ തിരക്കിനിടയില്‍ ഗതാഗത പരീക്ഷണം നടത്തുവാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്‌. ഗതാഗത പരിഷ്ക്കാരത്തിന്‌ മുമ്പ്‌ ഈ മേഖലയിലെ നിരവധി റോഡുകള്‍ വീതികൂട്ടി കൂടുതല്‍ സൗകര്യമൊരുക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ റോഡുകളെല്ലാം തകര്‍ന്ന്‌ കിടക്കുകയാണ്‌. പ്രധാനറോഡായ ചിറ്റൂര്‍ റോഡ്‌ പൂര്‍ണമായും തകര്‍ന്ന്‌ കിടക്കുകയാണ്‌. തകര്‍ന്നറോഡിന്റെ പലഭാഗത്തും അറ്റകുറ്റപ്പണികള്‍ക്കായി മെറ്റലും മറ്റ്‌ സാമഗ്രികളും കൂട്ടിയിട്ടിരിക്കുകയാണ്‌ സൗത്ത്‌ ഭാഗത്ത്‌ ഗതാഗതം തടഞ്ഞ്‌ അറ്റകുറ്റപ്പണി നടത്തുന്നത്‌ മൂലം എംജി റോഡില്‍ വന്‍ഗതാഗതക്കുരുക്കാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. പുല്ലേപ്പടി റോഡ്‌ വീതികൂട്ടി പണിതീര്‍ത്താല്‍ മാത്രമെ നോര്‍ത്ത്‌ പാലത്തിലൂടെയുള്ള വാഹനങ്ങള്‍ ഈ വഴിതിരിച്ച്‌ വിടുവാന്‍ കഴിയൂ. ഈ രണ്ട്‌ പ്രധാനറോഡുകള്‍ ഉള്‍പ്പെടെ വീതികൂട്ടുകയും പൊളിഞ്ഞ്‌ കിടക്കുന്ന റോഡുകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമാക്കുകയും ചെയ്തശേഷം മാത്രമെ ഗതാഗതപരിഷ്ക്കാരം നടത്തുവാന്‍ പാടുള്ളുവെന്ന്‌ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ഓണം-റംസാന്‍ കച്ചവടത്തിരക്ക്‌ മൂലം വാഹനഗതാഗതം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതിനിടയില്‍ പൊട്ടിപൊളിഞ്ഞറോഡുകളിലൂടെ ഗതാഗതം തിരിച്ച്‌ വിടുന്നതിനുള്ള പരീക്ഷണം നടത്തിയാല്‍ കടുത്ത ഗതാഗത സ്തംഭനത്തിലൂടെ ജനങ്ങള്‍ നരകയാതന അനുഭവിക്കേണ്ടിവരും. വര്‍ഷത്തില്‍ ഏറ്റവും തിരക്കേറിയ സമയമാണ്‌ ഓണം- റംസാന്‍ സമയം. ഈ സമയത്താണീ പരീക്ഷണം. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം നടത്തേണ്ടഗതാഗതപരീക്ഷണം തിടുക്കത്തില്‍ നടത്തുന്നത്‌ വലിയ പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കും. അശാസ്ത്രീയമായ ഈ പരീക്ഷണത്തെ ചെറുക്കാനുള്ള നീക്കത്തിലാണ്‌ വ്യാപാരി സമൂഹവും യാത്രക്കാരുടെ സംഘടനകളും.