വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത ഫയല്‍ "മുക്കി"

Wednesday 24 August 2011 10:55 pm IST

തൃശൂര്‍ : കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട രണ്ട്‌ അഴിമതി കേസുകളുടെ രേഖകള്‍ അടങ്ങിയ ഫയല്‍ കോര്‍പ്പറേഷന്റെ അലമാരയില്‍ നിന്നും "മുക്കി". രണ്ടഴിമതികളിലും വിജിലന്‍സ്‌ അന്വേഷണത്തിന്‌ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായ തീരുമാനമെടുത്തതാണെങ്കിലും ഇതു സംബന്ധിച്ച കൗണ്‍സില്‍ തീരുമാനം ഇതുവരെയും വിജിലന്‍സിനു കൈമാറിയിട്ടുമില്ല. പ്രാഥമികാന്വേഷണത്തില്‍ തന്നെ ലക്ഷങ്ങളുടെ വെട്ടിപ്പ്‌ കണ്ടെത്തിയ രണ്ട്‌ കേസുകളുടെയും വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത ഫയലാണ്‌ കോര്‍പ്പറേഷനില്‍ നിന്നും കാണാനില്ലാത്തത്‌. എ.ഡി.ബി പദ്ധതിയില്‍ പട്ടികജാതി കോളനിയുടെ മറവില്‍ സ്വകാര്യ ഹൗസിങ്ങ്‌ കോളിനിയില്‍ 85 ലക്ഷം രൂപ ചെലവാക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ സംബന്ധിച്ചും ലാലൂരില്‍ ചെയ്യാത്ത പണികളുടെ പേരില്‍ പ്രതിമാസം മൂന്നരലക്ഷം രൂപവെച്ച്‌ നിരവധി വര്‍ഷങ്ങളില്‍ കരാറുകാരന്‌ തുക നല്‍കിയതും സംബന്ധിച്ച്‌ ഒന്നരവര്‍ഷം മുമ്പ്‌ എടുത്ത തീരുമാനങ്ങളുടെ ഫയലാണ്‌ കാണാതായിരിക്കുന്നതെന്ന്‌ അറിയുന്നു. സാധാരണഗതിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത്‌ നടപ്പാക്കേണ്ട ബാധ്യത കോര്‍പ്പറേഷന്‍ സെക്രട്ടറിയുടേതാണെങ്കിലും കോണ്‍ഗ്രസി ലെയും സി.പി.എമ്മിലെയും ചില കൂട്ടുകെട്ടുകളും അവിഹത ബന്ധങ്ങളുമാണ്‌ ഫയല്‍ വിജിലന്‍സിന്‌ കൈമാറാതിരുന്നത്‌. എന്നാല്‍ ഫയല്‍ വിജിലന്‍സിന്‌ കൈമാറുന്നതില്‍ മനപ്പൂര്‍വ്വമായ വീഴ്ച കോര്‍പറേഷന്‍ സെക്രട്ടറി വരുത്തിയതായും പറയുന്നു. അഴിമതിക്കേസുകളില്‍ ഇരു പാര്‍ട്ടികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഫയല്‍ കൈമാറാതെ കോര്‍പ്പറേഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുക യായിരുന്നു. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനുള്ള കേസുകളെ സംബന്ധിച്ച ഫയല്‍ പരിശോധനയിലാണ്‌ ഈ അഴിമതിക്കേസുകളുടെ ഫയല്‍ കാണാതായത്‌ അറിഞ്ഞത്‌. എന്നാല്‍ ഫയല്‍ കാണാനില്ലെന്ന വിവരം ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. ഈ രണ്ട്‌ തീരുമാനങ്ങളും നടപടിക്കായി തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ വിജിലന്‍സും പോലീസ്‌ അധികൃതരും വ്യക്തമാക്കി. ഗാന്ധിനഗര്‍-ചേറൂര്‍ ഡിവിഷനുകളില്‍ റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കാനായി പാടം നികത്തി ഉണ്ടാക്കിയ മദര്‍ലാന്റ്‌ ഹൗസിംഗ്‌ കോളനിയിലെ റോഡുകള്‍ 25 ലക്ഷം രൂപ ചിലവാക്കി ഉന്നത ഗുണനിലവാരത്തില്‍ ടാറിംഗ്‌ നടത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം. കൗണ്‍സില്‍ തീരുമാനം അനുസരിച്ച്‌ അന്വേഷണം നടത്തിയ എംഎല്‍ റോസി അധ്യക്ഷയായുള്ള പൊതുമരാമത്ത്‌ കമ്മിറ്റി ഗുരുതരമായ ക്രമക്കേടുകളും അഴിമതികളുമായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്തത്‌. എഡിബി വായ്പയില്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ അടിയാറ പട്ടികജാതി കോളനിവികസനത്തിനായി അനുവദിച്ച പദ്ധതിയായിരുന്നു ചേറൂര്‍ ഡിവിഷനില്‍ വകമാറി ചിലവഴിച്ചത്‌. ചേറൂര്‍ ഡിവിഷനില്‍ കല്ലടിമൂലയില്‍ രണ്ടോമൂന്നോ പട്ടികജാതി കുടുംബങ്ങള്‍ മാത്രം ഉണ്ടായിരിക്കേ ഇല്ലാത്ത കല്ലടിമൂല പട്ടികജാതി കോളനിയുടെ മറവിലാണ്‌ റിയര്‍ എസ്റ്റേറ്റ്‌ ലോബിയെ സഹായിച്ചതെന്ന്‌ സമിതി കൗണ്‍സിലിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. റോഡ്‌ ടാറിംഗ്‌ നടത്തിയത്‌ കോര്‍പ്പറേഷന്‌ കൈമാറാത്ത സ്വകാര്യ റോഡിലാണെന്നും റോഡ്‌ ഉണ്ടാക്കാനായി സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തിയതായും സമിതി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏകകണ്ഠമായാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ മേയര്‍ ഐ.പി പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായത്‌. പക്ഷെ മൂന്ന്‌ മാസം പിന്നിട്ടിട്ടും കോര്‍പറേഷന്‍ സെക്രട്ടറി തീരുമാനം വിജിലന്‍സിന്‌ കൈമാറിയിരുന്നില്ല. ലാലൂരിലെ അഴിമതി 2009 ഒടുവില്‍ ഡെപ്യൂട്ടി മേയര്‍ എം.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമുണ്ടായത്‌. ലാലൂരിലെത്തുന്ന മാലിന്യങ്ങള്‍ തരം തിരിക്കാനും ജൈവമാലിന്യങ്ങള്‍ സംസ്ക്കരിച്ച്‌ വളമാക്കാനും അജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടാനുമായിരുന്നു പ്രതിമാസം മൂന്നര ലക്ഷത്തിലേറെ രൂപക്ക്‌ കരാര്‍ നല്‍കിയിരുന്നത്‌. എന്നാല്‍ 2005 മുതല്‍ കരാറുകാരന്‍ ഈ മൂന്ന്‌ പ്രവൃത്തികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കാതെ കരാര്‍ തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണത്തിലായിരുന്നു വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഏകകണ്ഠ തീരുമാനമുണ്ടായത്‌. കരാര്‍ അനുസരിച്ച്‌ പണികള്‍ നടത്തുന്നില്ലെന്ന ഓഫീസ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം.
കോര്‍പറേഷന്‍ സെക്രട്ടറി വിവിരം വിജിലന്‍സിനെ അറിയിച്ചിട്ടില്ല എന്നുമാത്രമല്ല ഇപ്പോഴും കരാറുകാര്‍ ചെയ്യാത്ത പണിക്ക്‌ കരാര്‍ തുക കൈപ്പറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 2004ല്‍ ലോറി വെള്ള വിതരണത്തില്‍ കൗണ്‍സിലര്‍മാരുടെ അന്വേഷണ കമ്മിറ്റി അഴിമതികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനമെടുത്ത്‌ വിജിലന്‍സ്‌ അന്വേഷണം ഏറ്റെടുത്തതാണെങ്കിലും ഏഴ്‌ വര്‍ഷം പിന്നിട്ടിട്ടും വിജിലന്‍സ്‌ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സെക്രട്ടറിയായിരുന്നു എം.ആര്‍.അഭിലാഷിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ പുതിയ സെക്രട്ടറിയെ നിയമിക്കാനിരിക്കെ ഫയലുകള്‍ കാണാതായത്‌ വിവാദത്തിലേക്ക്‌ നീങ്ങുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.