മോദിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി

Thursday 26 December 2013 11:51 pm IST

രാഷ്ട്രീയ പ്രതിയോഗികളും അവരുടെ ശിങ്കിടികളായ സന്നദ്ധസംഘടനകളും നരേന്ദ്രമോദിയുടെ ചോരയ്ക്കുവേണ്ടി നെട്ടോട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പത്തുവര്‍ഷത്തിലധികമായി അതിനായി ഏത് ഹീനമാര്‍ഗ്ഗവും അവര്‍ സ്വീകരിച്ചുവരുന്നുണ്ട്. കല്ലുവച്ച നുണകളും കള്ളക്കഥകളും നിറം പിടിച്ച് രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിച്ചു. ഗുജറാത്തില്‍ സംഭവിച്ച സംഘര്‍ഷം നരേന്ദ്രമോദി നേരിട്ട് നടത്തി എന്നുവരെ തട്ടിവിട്ടു. ഗോദ്രയില്‍ 59 ശ്രീരാമ ഭക്തരെ തീവണ്ടിയിലിട്ട് ചുട്ടുകൊന്നതിന്റെ സ്വാഭാവിക സംഘര്‍ഷമാണ് ഗുജറാത്തില്‍ സംഭവിച്ചതെന്ന സത്യംപോലും തമസ്‌കരിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ആസൂത്രണത്തില്‍ ആരംഭിച്ച അസത്യ പ്രചാരണങ്ങളിലും നിയമപോരാട്ടങ്ങളിലും തെല്ലും കൂസാതെ നിശ്ചയദാര്‍ഡ്യത്തോടെ പെരുമാറാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞത് താന്‍ കടുകുമണിപോലും തെറ്റുചെയ്തില്ലെന്ന വിശ്വാസത്തിലാണ്. ഗുജറാത്ത് ജനത അതിനോട് പൂര്‍ണമായും യോജിച്ചു. മൂന്നു തവണ വന്‍ ഭൂരിപക്ഷത്തോടെ ഗുജറാത്ത് നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയത് അതിന്റെ ഒന്നാന്തരം തെളിവാണ്. ഗുജറാത്ത് മാത്രമല്ല രാജ്യം മുഴുവന്‍ നരേന്ദ്രമോദിക്കൊപ്പമുണ്ടെന്നതിന് തെളിവാണ് നാലുസംസ്ഥാനങ്ങളേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ വിജയം. നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ബിജെപിയുടെ പ്രഖ്യാപനത്തിനുള്ള അംഗീകാരമായിരുന്നു അത്. ഇപ്പോഴിതാ അഹമ്മദാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും മോദി കുറ്റക്കാരനല്ലെന്ന് വിധി പ്രസ്താവിച്ചിരിക്കുന്നു. ജനകീയ കോടതിയും നീതിന്യായ കോടതിയും കുറ്റമുക്തനാക്കിയതോടെ മോദിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. ഗോധ്ര ദുരന്തത്തിന്റെ തുടര്‍ച്ചയായാണ് ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായത്. ഗുജറാത്തില്‍ എന്നും വര്‍ഗ്ഗീയ കലാപങ്ങളില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന കോണ്‍ഗ്രസ് എംപിയടക്കം 68 പേര്‍ കൊല്ലപ്പെട്ട കേസിന്റെ ഗൂഡാലോചനയില്‍ നരേന്ദ്രമോദിക്ക് പങ്കെന്നായിരുന്നു ആരോപണം. എംപിയായിരുന്ന എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയാണ് സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. ഗോധ്ര കൂട്ടക്കൊലക്കുശേഷമുണ്ടായ ഗുജറാത്തിലെ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തോട് അഹമ്മദാബാദിലെ വിചാരണക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചാണ് നിര്‍ദ്ദേശിച്ചത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവനായിരുന്നു അന്വേഷണസമിതിയുടെ നേതൃത്ത്വം. കലാപക്കേസുകളുടെ മേല്‍നോട്ടം ഇനിമുതല്‍ സുപ്രീംകോടതിക്ക് ഉണ്ടായിരിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമല്ലെന്നും കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം തള്ളി ജസ്റ്റിസുമാരായ ഡി.കെ. ജയിന്‍, പി. സദാശിവം, അഫ്താബ് ആലം എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് പുതിയ വിധി. കലാപക്കേസുകള്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചാണ് അന്വേഷണസംഘം ഏറ്റെടുത്തത്. പ്രത്യേക അന്വേഷണസംഘം മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം അത് പരിശോധിക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ നിയോഗിക്കുകയായിരുന്നു. എസ്‌ഐടി റിപ്പോര്‍ട്ട് അപഗ്രഥിച്ചശേഷം രാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പത്ത് വര്‍ഷമായി ഗുജറാത്തില്‍ യാതൊരുവിധ വര്‍ഗീയ കലാപങ്ങളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഗുജറാത്തിന്റെ വികസന മാതൃക അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാവിഷയവുമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയെ വേട്ടയാടിയവര്‍ 1984 ല്‍ ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടശേഷം ദല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ എത്രയോ പേര്‍ കൊല്ലപ്പെട്ടെങ്കിലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടില്ല എന്ന വസ്തുത തീര്‍ത്തും അവഗണിച്ചിരുന്നു. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദിക്ക് ലഭിച്ച ക്ലീന്‍ ചിറ്റ്, ഭാവി വികസന അജണ്ടക്ക് രൂപം നല്‍കാന്‍ പ്രചോദനമാകും. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ഒതുങ്ങരുതെന്നും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകണമെന്നുമുള്ള ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹ സാഫല്യത്തിനും ഈ വിധി വഴിയൊരുക്കും. ബിജെപിയുടെ ആഗ്രഹം രാജ്യത്തിന്റെ അഭിലാഷമായി മാറുകയാണ്. പൂര്‍ണ ചന്ദ്രനെക്കാണുമ്പോള്‍ ഓരിയിടുന്നതുപോലെ കേന്ദ്ര ഭരണകൂടം തന്നെ പുതിയ വിദൂഷകവേഷങ്ങളുമായി രംഗത്തിറങ്ങുകയാണ്. അതാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരു യുവതിയെ നിരീക്ഷിച്ചെന്ന പേരിലുള്ള പുതിയ ആട്ടക്കഥ. ഇതും ബൂമറാങ്ങാകുമെന്നതില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.