സി പി ഐ - സി പി എം സംഘര്‍ഷം; തലയോലപ്പറമ്പ്‌ പഞ്ചായത്ത്‌ ഭരണം അനിശ്ചിതത്വത്തില്‍

Wednesday 24 August 2011 11:22 pm IST

തലയോലപ്പറമ്പ്‌: സിപിഎം - സിപിഐ സംഘര്‍ഷം പഞ്ചായത്ത്‌ ഭരണത്തെ ബാധിക്കുമെന്ന നിലയിലേക്കു നീങ്ങുന്നു. പതിനഞ്ചംഗ പഞ്ചായത്തില്‍ സിപിഐക്ക്‌ ഒരംഗവും സിപിഎമ്മിന്‌ ഏഴ്‌ അംഗങ്ങളുമാണുള്ളത്‌. സിപിഐ പിന്തുണയോടെയേ സിപിഎമ്മിനു ഭരണം ഉറപ്പിക്കാന്‍ കഴിയൂ. കോണ്‍ഗ്രസ്‌ - മൂന്ന്‌, കേരള കോണ്‍ഗ്രസ്‌ - മൂന്ന്‌ എന്നിങ്ങനെയാണു യുഡിഎഫ്‌ പക്ഷം. ഒരാള്‍ കോണ്‍ഗ്രസ്‌ വിമതനാണ്‌. സിപിഐയും കോണ്‍ഗ്രസ്‌ വിമതനും യുഡിഎഫ്‌ പക്ഷത്തേക്കു മാറിയാല്‍ അവര്‍ക്കു ഭരണം പിടിക്കാം. ഇതിനുള്ള സാധ്യത വര്‍ധിക്കുന്നതായാണു സൂചന. ചില സിപിഐ നേതാക്കള്‍ യുഡിഎഫ്‌ നേതാക്കളുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്‌. തലയോലപ്പറമ്പ്‌ ഡിബി കോളജില്‍ എഐഎസ്‌എഫ്‌ യൂണിറ്റ്‌ രൂപീകരിക്കുന്നത്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ്‌ തലയോലപ്പറമ്പിലെ സിപിഎം - സിപിഐ സംഘര്‍ഷത്തിണ്റ്റെ പ്രധാന കാരണം. പ്രദേശത്തെ സ്കൂളുകളിലും കോളജുകളിലും മറ്റു വിദ്യാര്‍ഥി യൂണിയനുകള്‍ക്ക്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതായും യൂണിറ്റ്‌ ആരംഭിക്കുന്നവരെ മര്‍ദിക്കുന്നതായും ആക്ഷേപമുണ്ട്‌. കീഴൂറ്‍ ഡിബി കോളജിലും തലയോലപ്പറമ്പ്‌, വടയാര്‍ പ്രദേശങ്ങളിലെ സ്കൂളുകളിലും മറ്റു യൂണിയനുകളില്‍പ്പെട്ടവരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മര്‍ദിച്ചിരുന്നുവത്രേ. തലയോലപ്പറമ്പില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലധികം തവണ എസ്‌എഫ്‌ഐ -എഐഎസ്‌എഫ്‌ സംഘര്‍ഷമുണ്ടായിട്ടുണ്ട്‌. പലപ്പോഴും ഇതു മാതൃസംഘടനകള്‍ ഏറ്റെടുക്കുകയും തെരുവില്‍ തല്ലിത്തീര്‍ക്കുകയും ചെയ്തിരുന്നു.