മോദിക്കുപങ്കില്ലെന്ന് കോടതി

Thursday 26 December 2013 11:49 pm IST

അഹമ്മദാബാദ്: ഗുജറാത്തിലെ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ലെന്ന് കോടതിയും. ഈ സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി മോദിക്ക് ഒരു പങ്കുമില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയും മുഖ്യമന്ത്രി മോദിക്ക് സംഭവത്തില്‍ പങ്കില്ലെന്നു സ്ഥിരീകരിച്ചിരിക്കുകയാണ്. ഗുജറാത്ത് കലാപകാലത്തു നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ നരേന്ദ്രമോദിയെ കുടുക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിനാണ് ഇതോടെ കോടതിയിലും തിരിച്ചടി നേരിട്ടിരിക്കുന്നത്. കേസില്‍ മോദിക്ക് യാതൊരു പങ്കുമില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി ശരിവെച്ചു. മോദി നിരപരാധിയെന്നു കണ്ടെത്തിയ അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിച്ച, ഗുല്‍ബര്‍ഗ സൊസൈറ്റി സംഭവത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇസ്ഹാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് മെട്രോപോളീറ്റന്‍ മജിസ്‌ട്രേറ്റ് ബി.ജെ ഗണത്രയുടെ ഉത്തരവ്. കോടതി ഉത്തരവിനെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് സാകിയ ജഫ്രി പ്രതികരിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഫെബ്രുവരി 28നാണ് അഹമ്മദാബാദില്‍ ഇസ്ഹാന്‍ ജഫ്രിയുള്‍പ്പെടെ 69പേരെ കലാപകാരികള്‍ കൊന്നത്. സംഭവത്തില്‍ നരേന്ദ്രമോദിക്കു നേരിട്ടു പങ്കുണ്ടെന്നാരോപിച്ച് നിരവധി വര്‍ഷങ്ങളായി സാകിയയും മോദി വിരുദ്ധരും രംഗത്തുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ.രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസില്‍ മോദിക്ക് പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച സാകിയ നരേന്ദ്രമോദിയെ രക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ 25,000 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നരേന്ദ്രമോദിക്ക് സംഭവത്തില്‍ പങ്കില്ലെന്ന അന്വേഷണ സംഘത്തിന്റെ നിലപാട് കോടതി അംഗീകരിച്ചിരിക്കുന്നത്. നരേന്ദ്രമോദിക്കൊപ്പം കേസിലെ പ്രതിസ്ഥാനത്ത് ആരോപിച്ചിരുന്ന 57 പേരെക്കൂടി കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയും കോടതി അംഗീകരിച്ചിട്ടുണ്ട്. 2011 സപ്തംബര്‍ 12നാണ് മോദിയെ കുറ്റവിമുക്തനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചത്. ഇതേതുടര്‍ന്ന് നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറുകയും ബിജെപിയുടെ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മോദക്കെതിരായി വിവിധ കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി പ്രചരിപ്പിച്ചു പോന്ന നുണക്കഥകള്‍ കോടതികള്‍ക്കു മുന്നില്‍ തകര്‍ന്നു വീഴുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി അഹമ്മദാബാദ് മെട്രോപോളീറ്റന്‍ കോടതി വിധി മാറിയിട്ടുണ്ട്. നരേന്ദ്രമോദിക്കെതിരായ രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ക്കുന്നവരുടെ നിലപാടുകള്‍ക്ക് ശക്തി പകരുന്നതാണ് അഹമ്മദാബാദ് കോടതി വിധിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ്‌സിങ് പ്രതികരിച്ചു. കോടതിവിധി പ്രതീക്ഷിച്ചിരുന്നതാണെന്നും വിധിയെ സ്വാഗതം ചെയ്തുകൊണ്ട് രാജ്‌നാഥ്‌സിങ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും ചില സര്‍ക്കാരിതര സംഘടനകളും തെറ്റായ പ്രചരണങ്ങളിലൂടെ നരേന്ദ്രമോദിക്കെതിരെ നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കോടതിവിധിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.