ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ച് 23 പേര്‍ മരിച്ചു

Saturday 28 December 2013 11:37 am IST

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നന്ദേദ്-ബാംഗ്ലൂര്‍ എക്‌സ്പ്രസ്സ് ട്രെയിനിന് തീപിടിച്ച് 23 പേര്‍ മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. അനന്ത്പുരില്‍ പുലര്‍ച്ചെ മൂന്നരയോടാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ സെക്കന്റ് എസി ബോഗിക്കാണ് തീപിടിച്ചത്. ബോഗിയില്‍ കുറഞ്ഞത് 64 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെളിച്ചക്കുറവും കനത്ത മഞ്ഞും അപകട നടന്ന ആദ്യ മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ബോഗിക്ക് തീപിടിച്ചത് കണ്ട് നിരവധി പേര്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയെന്നും റിപ്പോര്‍ട്ടുണ്ട്. അനന്തപുര്‍ ജില്ലയിലെ പുട്ടപര്‍ത്തിയില്‍ വെച്ചാണ് ട്രെയിനിന് തീപിടിച്ചത്. തീപിടുത്തത്തില്‍ പരുക്കേറ്റവരെ പുട്ടപര്‍ത്തിയിലെ ധര്‍മ്മവരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി 10.45ന് ബംഗളൂരില്‍ നിന്ന് പുറപ്പെട്ടതാണ് ട്രെയിന്‍. ബോഗിക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ദുഖം രേഖപ്പെടുത്തി. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ റെയില്‍വേയോടും സംസ്ഥാന സര്‍ക്കാരിനോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു. റെയില്‍വെ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയുന്നതിനായി അധികൃതര്‍ ഹെല്‍‌പ്‌ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി ബംഗളുരു– 08022354108, 22259271, 22156554 പുട്ടപര്‍ത്തി – 08555–280125 ഹൈദരാബാദ് ‌– 040–23310680

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.