പ്രതിപക്ഷം വ്യക്തിഹത്യ നടത്തുന്നു - പ്രധാനമന്ത്രി

Thursday 25 August 2011 3:38 pm IST

ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്‍ വിഷയത്തില്‍ പ്രതിപക്ഷം വ്യക്തിഹത്യ നടത്തുകയാണെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക്‌ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഇല്ലാതാക്കാന്‍ കൂട്ടായശ്രമം വേണമെന്നും അതിന് അണ്ണാ ഹസാരെ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഗൗരവമായെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അണ്ണാ ഹസാരെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്ന പ്രധാനമന്ത്രി. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണ്‌. ഇതിനെതിരെ പോരാടേണ്ടത്‌ നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അഴിമതിക്കെതിരെ ഫലപ്രദമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. അഴിമതിയുടെ നായകനാണ് താനെന്ന് ബി.ജെ.പി നേതാവ് ജോഷി ആരോപിച്ചു. തനിക്കെതിരെ പ്രതിപക്ഷം വ്യക്തിഹത്യ നടത്തുകയാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ജന്‍ലോക്‌ പാല്‍ ബില്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ്‌ കമ്മിറ്റി പരിഗണിക്കും. ഹസാരെയുടെ ആവശ്യം സര്‍ക്കാരിന്‌ ബോദ്ധ്യപ്പെട്ടു കഴിഞ്ഞു.ഹസാരെ ഇനി നിരാഹാരം അവസാനിപ്പിക്കണം. അഴിമതിക്കെതിരായ ജനവികാരത്തിന്റെ പ്രതീകമായി ഹസാരെ മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ആദര്‍ശ ധീരതയെ ബഹുമാനിക്കുന്നു. തുറന്ന സമീപനമാണ്‌ ഈ കാര്യത്തില്‍ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.