ട്രെയിനിന് തീപിടിച്ച് 26 മരണം

Saturday 28 December 2013 10:28 pm IST

ഹൈദരാബാദ്: ആന്ധ്രയിലെ പുട്ടപര്‍ത്തിക്ക് സമീപം ട്രെയിനിനു തീപിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ മരിച്ചു. പതിനഞ്ചു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ബാംഗ്ലൂര്‍-നാന്ദേദ് എക്‌സ്പ്രസാണ് (16594) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.45 നായിരുന്നു ബംഗളൂരുവില്‍നിന്നു വണ്ടി പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പുട്ടപര്‍ത്തിക്കടുത്ത് കൊത്തച്ചെരുവ് റെയില്‍വെ സ്‌റ്റേഷന് സമീപത്തു വച്ചാണ് തീപ്പിടിത്തമുണ്ടായത്. തീവണ്ടിയുടെ ടു ടിയര്‍ എസി കോച്ചിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം എന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ദര്‍ സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. ബോഗികളില്‍ ഒന്നില്‍ തീ കണ്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് വണ്ടി കൊത്തച്ചെരുവ് സ്‌റ്റേഷന് അടുത്ത് നിര്‍ത്തുകയായിരുന്നു. എന്നാല്‍, നിമിഷനേരം കൊണ്ടുതന്നെ തീനാളങ്ങള്‍ ബോഗിയെ വിഴുങ്ങി. അപകടമുണ്ടായ കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീ പിടിക്കുമ്പോള്‍ എസി ബോഗിയില്‍ 67 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ പലരും തീ പടര്‍ന്നു തുടങ്ങിയതോടെ ചാടി രക്ഷപ്പെട്ടതായാണ് കരുതുന്നത്. ഇരുട്ടും കനത്ത മൂടല്‍മഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് പലരും മരിച്ചിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും വീതം നഷ്ടപരിഹാരം നല്കുമെന്നു റെയില്‍വേമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ അറിയിച്ചു. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.