ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉജ്ജ്വലമായ അങ്കത്തിനൊടുവില്‍ വെസ്റ്റ്ഹാമും വെസ്റ്റ്ബ്രോമും സമനിലയില്‍ പിരിഞ്ഞു. മൂന്നു ഗോളുകള്‍ വീതമടിച്ചാണ് ഇരുടീമുകളും സന്ധി ചെയ്തത്. ജോ കോള്‍, മോഡിബൊ മൈഗ, കെവിന് നോലന്‍ എന്നിവര്‍ വെസ്റ്റ്ഹാമിന്റെ സ്കോറര്‍മാര്‍.നിക്കോളസ് അനല്‍ക്കയും (2) സൈദോ ബെറാഹിനോയും വെസ്റ്റ് ബ്രോമിന്റെ മറുപടിക്കാര്‍. 19-ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം ഇപ്പോഴും തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് മുക്തരായില്ല. വെസ്റ്റ് ബ്രോം പതിനഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു.
പോയിന്റ് ടേബിളില്‍ താഴെത്തട്ടില്‍ നില്ക്കുന്ന സംഘങ്ങള്‍ തമ്മിലെ പോരാട്ടം ഗ്യാലറിക്ക് മറക്കാനാവാത്ത അനുഭവമായിമാറി. സ്വന്തം തട്ടകത്തിലെ മത്സരത്തിന്റെ നാലാം മിനിറ്റില്‍ ജോ കോളിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം മുന്നിലെത്തിയത്. നോലാനുമൊത്ത് നടത്തിയ നീക്കത്തിനൊടുവില്‍ കോളിന്റെ കൂള്‍ ഫിനിഷ് (1-0). പിന്നെയും വെസ്റ്റ്ഹാം അവസരങ്ങള്‍ തുറന്നെടുത്തു. പക്ഷേ, 40-ാം മിനിറ്റില്‍ അനല്‍ക്ക വെസ്റ്റ് ബ്രോമിന് സമനില നല്കി. ക്രിസ് ബ്രന്റിന്റ ത്രൂബാള്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ ലക്ഷ്യത്തിലെത്തിച്ചു (1-1). അഞ്ചു മിനിറ്റുകള്‍ക്കുശേഷം അനല്‍ക്ക വീണ്ടും എതിരാളികള്‍ക്ക് സ്ട്രൈക്കിങ് പവര്‍ കാട്ടിക്കൊടുത്തു. ഇത്തവണ ബ്രന്റിന്റെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ വെസ്റ്റ്ഹാം പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു അനല്‍ക്കയുടെ ഗോള്‍ (2-1).
രണ്ടാം പകുതിയില്‍ ശക്തമായി ആക്രമിച്ച വെസ്റ്റ്ഹാം മൈഗയിലൂടെയും (65-ാം മിനിറ്റ്) നോലനിലൂടെയും (67) മുന്‍തൂക്കം തിരിച്ചെടുത്തു (3-2). എന്നാല്‍ 69-ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ ഡിഫന്‍സിനെ കീറിമുറിച്ച ബെറാഹിനോ ഉശിരന്‍ സ്ട്രൈക്കിലൂടെ വെസ്റ്റ് ബ്രോമിനു തുല്യത നല്കി (3-3). പിന്നെ ബെഹാറിനോയുടെ ഫ്രി കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ വെസ്റ്റ്ഹാം തോല്‍വിയില്‍ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെ കരകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: