ചര്‍ച്ചയ്ക്ക് തയാറെന്ന് പൊതുസമൂഹ പ്രതിനിധികള്‍

Thursday 25 August 2011 4:43 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കു തയാറെന്ന് പൊതുസമൂഹ പ്രതിനിധികള്‍ അറിയിച്ചു. നാലാം വട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. രണ്ടു മണിക്കൂര്‍ നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണു തീരുമാനം. ഹസാരെ നേരിട്ടു ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന നിര്‍ദേശമാണ് ഹസാരെ മുന്നോട്ടു വച്ചിരിക്കുന്നതെന്നാണ് സൂചന. ധനമന്ത്രി പ്രണബ് കുമാര്‍, നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുക. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് ആശയകുഴപ്പം അണ്ണാ ഹസാരെ സംഘത്തില്‍ ഉണ്ടായി. ഇന്ന് രാവിലെ നടന്ന കോര്‍ കമ്മിറ്റിയോഗത്തില്‍ ചര്‍ച്ചയ്ക്കു പോകേണ്ടെന്നു കിരണ്‍ ബേഡിയും അരവിന്ദ് കെജ് രിവാളും ശക്തമായി വാദിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നു ഹസാരെ നിര്‍ദേശിക്കുകയായിരുന്നു. ഹസാരെ നേരിട്ടു ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ രാംലീല മൈതാനത്തേക്കു വരുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ പൊതുസമൂഹ പ്രതിനിധികള്‍ തൃപ്തരായിരുന്നില്ല. തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമെന്നും സമരം ശക്തമാക്കുമെന്നും ഹസാരെ സംഘം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.