തിരുവനന്തപുരം: സിപിഎമ്മും വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പുതിയ വിവാദം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പഴയ ആസ്ഥാന മന്ദിരവും ഭൂമിയും രാധാകൃഷ്ണന് ചൂളുവിലക്ക് വിറ്റതാണ് വിവാദമായിരിക്കുന്നത്. തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡില്‍ ദേശാഭിമാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 32.5 സെന്റ് സ്ഥലവും ബഹുനില കെട്ടിടവും കഴിഞ്ഞവര്‍ഷം ജൂലൈ 17നാണ് വി.എം. രാധാകൃഷ്ണന് വിറ്റത്. വിപണിയില്‍ സെന്റിന് 50 ലക്ഷത്തോളം വിലവരുന്ന ഭൂമിയാണ് 3.30 കോടി രൂപയ്ക്കാണ് ദേശാഭിമാനി വിറ്റത്.
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഡാനിഷ് ചാക്കോ എന്നയാളാണ് വി.എം. രാധാകൃഷ്ണനുവേണ്ടി ബിനാമി പേരില്‍ ദേശാഭിമാനി മാനേജ്മെന്റില്‍നിന്ന് ഭൂമി വാങ്ങിയതെന്നാണ് രേഖകള്‍.
പാലക്കാട്ട് നടന്ന സിപിഎം പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് ചാക്ക് രാധാകൃഷ്ണന് ദേശാഭിമാനിയില്‍ നല്കിയ പരസ്യം വിവാദമായിരുന്നു. ഇതിന്റെ ക്ഷീണത്തില്‍നിന്ന് പാര്‍ട്ടി മുക്തമാവുന്നതിനു മുമ്പാണ് വി.എം. രാധാകൃഷ്ണനുമായുള്ള ഭൂമി കച്ചവടവിവാദം ഉയര്‍ന്നിരിക്കുന്നത്.
ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി. ജയരാജനും ഡാനിഷ് ചാക്കോയും കോട്ടയ്ക്കകം സബ് രജിസ്ട്രാര്‍ ഓഫിസിലാണ് പ്രമാണം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഭൂമി കച്ചവടത്തിന് തൊട്ടുമുമ്പുവരെ വി.എം. രാധാകൃഷ്ണനായിരുന്നു കമ്പനിയുടെ എം.ഡി. അദ്ദേഹത്തിന്റെ മകന് നിതിന്‍ രാധാകൃഷ്ണന് കമ്പനി ഡയറക്ടറും. ജൂലൈ ആറിന് രാധാകൃഷ്ണന് ഡയറക്ടര്‍ സ്ഥാനം രാജിവയ്ക്കുന്നു. ജൂലൈ 17ന് കമ്പനി നല്കിയ രേഖയില്‍ കമ്പനി എംഡി ഡാനിഷ് കെ. ചാക്കോയാണ്. അന്നേദിവസം തന്നെയാണ് ദേശാഭിമാനി ഭൂമിയിടപാടും നടക്കുന്നത്.
ഭൂമി രജിസ്റ്റര്‍ ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോള്‍ കമ്പനിയുടെ എംഡി സ്ഥാനത്തേയ്ക്ക് ചാക്ക് രാധാകൃഷ്ണന് തിരിച്ചെത്തിയതായും കമ്പനി രജിസ്ട്രാര്‍ക്ക് നല്കിയ ഫോറം 32 -ല്‍ വ്യക്തമാക്കുന്നു. അതായത് ഭൂമി ഇടപാടിന് മാത്രമായി ഡാനിഷ് ചാക്കോയെ മാനേജിങ് ഡയറക്ടറാക്കുകയായിരുന്നുവെന്ന് വ്യക്തം.
ചാക്ക് രാധാകൃഷ്ണന് സെക്രട്ടറിയായ പാലക്കാട്ടെ ശ്രീകൃഷ്ണ ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴിലെ ലാബിലെ ചീഫ് ടെക്നീഷ്യനാണ് ഡാനിഷ് ചാക്കോയെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. തിരുവല്ലയിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ട തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ സാമ്പത്തികസ്രോതസും ദുരൂഹമാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: