ലിസ് തട്ടിപ്പ് കേസില്‍ തുടരന്വേഷണമില്ല

Thursday 25 August 2011 3:57 pm IST

കൊച്ചി : ലിസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടരന്വേഷണം നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. കേസില്‍ നാളെ മുതല്‍ സാക്ഷി വിസ്താരം തുടങ്ങുമെന്ന് എറണാകുളം സി.ജെ.എം കോടതി അറിയിച്ചു. തുടരന്വേഷണം വേണമെന്ന ആവശ്യം കഴിഞ്ഞ ജനുവരിയില്‍ തന്നെ കോടതി തള്ളിയിരുന്നതാണ്. ഇതീനെതിരെ അപ്പീല്‍ പോകാനിരുന്ന പ്രോസിക്യൂഷന്‍ അതേ ആവശ്യം ഉന്നയിച്ച് വീണ്ടും അപേക്ഷ നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 73 സാക്ഷികളെ വിസ്തരിച്ച ശേഷം കേസില്‍ തുടരന്വേഷണം നടത്തണമെന്ന പോലീസിന്റെ ആവശ്യം ദുരുദേശപരമാണെന്നും സി.ജെ.എമ്മിന്റെ ഉത്തരവില്‍ പറയുന്നു. കേസില്‍ തുടരന്വേഷണം നടത്തുന്നതിന് കൊച്ചി സിറ്റി പോലീസ് ചീഫ് ഇറക്കിയ ഉത്തരവ് വിചിത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശം ഇല്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സാക്ഷിയായി എ.ഡി.ജി.പി ടി.പി സെന്‍‌കുമാര്‍ കേസില്‍ ഇടപെടുന്നതിനെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. ലിസ് കേസിന്റെ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് തുടരന്വേഷണം നടത്തേണ്ടതുണ്ടെന്നും സി-ഡാക് റിപ്പോര്‍ട്ട് വരുന്നതു വരെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം.