ചെന്നിത്തല ഗുരുവായൂരില്‍ ദര്‍ശനം നടത്തി

Tuesday 31 December 2013 1:27 pm IST

ഗുരുവായൂര്‍: തലസ്ഥാനത്ത് രാ‍ഷ്ട്രീയ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്ന തിരക്കിലായിരുന്നു. തുലാഭാരം അടക്കമുള്ള വഴിപാടുകള്‍ നടത്തിയ ചെന്നിത്തല മന്ത്രിസ്ഥാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ മടങ്ങി. രാവിലെ എട്ടര മണിയോടെ ഗുരുവായൂരിലെത്തിയ ചെന്നിത്തലയെ തൃശുരിലെ കോണ്‍ഗ്രസ് നേതാക്കളും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. തെക്കേ നടയിലൂടെ അമ്പലത്തില്‍ പ്രവേശിച്ച ചെന്നിത്തല ഗുരുവായൂരപ്പനെ തൊഴുത ശേഷം കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി. പിന്നീട് സത്രം ഗണപതികോവിലിലെത്തി വിഘ്നങ്ങള്‍ എല്ലാം തീരാന്‍ ഏത്തമിട്ട് വലംവച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളുടെ മറുപടി ചിരിയിലൊതുക്കി അദ്ദേഹം മമ്മീയൂര്‍ ക്ഷേത്രത്തിലേക്ക് പോയി. മമ്മീയൂരില്‍ മഹാദേവ ദര്‍ശനം കഴിഞ്ഞ് ശ്രീവത്സത്തിലെത്തിയ ചെന്നിത്തല കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളുമായി അല്പസമയം ചെലവഴിച്ചു. തുടര്‍ന്ന് പത്ത് മണിയോടെ അദ്ദേഹം ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.