എന്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Tuesday 31 December 2013 11:40 pm IST

ചങ്ങനാശ്ശേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ചരിത്ര സംഭവമാക്കി മാറ്റാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ശതാബ്ദി ആഘോഷങ്ങള്‍ക്കും സമുദായ ആചാര്യന്‍ മന്നത്തു പത്മനാഭന്റെ 137-ാമത് ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമായി വിവിധ കരയോഗങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് സമുദായംഗങ്ങള്‍ എത്തിച്ചേരും.  നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരവും സമാധി മണ്ഡപവും ദീപാലങ്കാര പ്രഭയണിഞ്ഞു കഴിഞ്ഞു. 25,000ല്‍പരം ആളുകള്‍ക്ക് ഇരിക്കാവുന്ന ബഹുനിലപന്തലാണ് മന്നംനഗറില്‍ ഒരുക്കിയിരിക്കുന്നത്. എന്‍എസ്എസ് ആസ്ഥാനത്തെ മുഴുവന്‍ കെട്ടിട സമുച്ചയങ്ങളും വര്‍ണ്ണമനോഹരമാക്കി. ഇന്ന് രാവിലെ 10.15ന് പെരുന്ന മന്നം നഗറില്‍ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രമേയ അവതരണം നടത്തും. കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥപിള്ള നന്ദിപറയും. വൈകിട്ട് 3ന് ശ്രീവത്സന്‍ ജെ. മോനേന്‍ നയിക്കുന്ന സംഗീത സദസ്സ്. 6ന് ഗാനമേള, രാത്രി 9ന് കഥകളി. മന്നം ജയന്തി ദിനമായ നാളെ രാവിലെ 11ന് ജയന്തി സമ്മേളനം സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ ശതവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഗണനയ്‌ക്കെതിരെ നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനങ്ങള്‍ ശതാബ്ദി വര്‍ഷത്തില്‍ എന്‍എസ്എസ് കൈക്കൊള്ളുമെന്നാണ് സൂചന. സംവരണ, വിദ്യാഭ്യാസ മേഖലകളിലെ അവഗണനയ്‌ക്കെതിരെ സമാന ചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കും. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.