ശിവഗിരി: ഗുരുഭക്തിയുടെ സുഗന്ധം പരത്തി 81-ാമത് ശിവഗിരി തീര്‍ഥാടന ഘോഷയാത്ര നടന്നു. രാവിലെ മഹാസമാധിയില്‍ നടന്ന വിശേഷാല്‍ പൂജയ്ക്കും സമൂഹപ്രാര്ഥനയ്ക്കുംശേഷം 6.30ന് മഹാസമാധിയില്‍ നിന്ന് തിരിച്ച് ഭക്തിനിര്‍ഭരമായ ഘോഷയാത്ര മൈതാനം, റെയില്‍വേ സ്റ്റേഷന് ചുറ്റി 9 മണിയോടെ ശിവഗിരിയില്‍ തിരിച്ചെത്തി.
‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷരി നാമജപത്തോടെ അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് അകമ്പടി സേവിച്ച് പീതാംബരധാരികളായ പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ഘോഷയാത്രയില്‍ അണിനിരന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നെത്തിയ നൂറോളം പദയാത്രകളിലെ പദയാത്രികരും ഘോഷയാത്രയില്‍ പങ്കെടുത്തു.
ധര്മപതാകയ്ക്കു തൊട്ടുപിന്നാലെ ബാനറിനു പിന്നില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയിലെയും നഴ്സിംഗ് കോളേജിലെയും പീതാംബരധാരികളായ വിദ്യാര്‍ഥിനികള്‍ പൂത്താലവുമായി നടന്നുനീങ്ങി. അതിന് പിന്നില്‍ അലങ്കരിച്ച ഗുരുദേവ റിക്ഷ ശിവഗിരിമഠത്തിലെ സന്ന്യാസിമാരും ബ്രഹ്മചാരികളും ചേര്‍ന്ന് ആനയിച്ചു. ഇതിനു പിന്നിലായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഭക്തജനങ്ങളും അണിചേര്‍ന്നു.
ശ്രീനാരായണ മന്ദിരസമിതി, മുംബൈ, യൂണിവേഴ്സല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്ഗനൈസേഷന് ന്യൂദല്‍ഹി, ഗുരുധര്‍മപ്രചരണ സഭാ യൂണിറ്റ് ന്യൂദല്‍ഹി എന്നീ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയ തീര്‍ഥാടകരും അഹമ്മദാബാദ്, പൂന, കോയമ്പത്തൂര്‍, ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരും അവരവരുടെ ബാനറിന് പിന്നില്‍ അണിനിരന്നു. ശ്രീലങ്ക, ദുബായ്, ഷാര്‍ജ, ബഹറിന്‍, സിംഗപ്പൂര്‍, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഘോഷയാത്രയില്‍ അണിനിരന്നു. പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തില്‍ നിന്നെത്തിയ ഔദേ്യാഗിക പദയാത്രാ അംഗങ്ങളും മഞ്ഞകുട ചൂടിയ പീതാംബരധാരികളായ എസ്എന്‍ഡിപി കുട്ടനാട് യൂത്ത്മൂവ്മെന്റ് വനിതാസംഘം പദയാത്രികരും ഗുരുധര്‍മ പ്രചരണസഭ പത്തനംതിട്ട സംഘടിപ്പിച്ച പദയാത്രാംഗങ്ങളും കുമരകം പദയാത്രയില്‍ പങ്കെടുത്തവരും കിഴക്കന്‍ മേഖലയില്‍ നിന്നെത്തിയ കുമളി ചക്കുപ്പള്ളം പദയാത്രയും നാഗമ്പടം ശിവഗിരി പദയാത്രയും കോലത്തുകര മതമൈത്രീ പദയാത്രികരും ഇലവുംതിട്ടയില്‍ നിന്നുള്ള വിഗ്രഹ ഘോഷയാത്രാംഗങ്ങളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഗായകസംഘങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.
ഘോഷയാത്രയ്ക്ക് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, തീര്‍ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി ധര്‍മവ്രതന്‍, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി അസ്പര്‍ശാനന്ദ തുടങ്ങിയവരും തീര്‍ഥാടന കമ്മറ്റി ചെയര്മാന് ബോംബെ ദാമോദരന്‍, ഘോഷയാത്ര കമ്മറ്റി ചെയര്മാന് മംഗളാനന്ദന്‍, തീര്‍ഥാടന കമ്മറ്റി ഭാരവാഹികളായ കെ.ജി. സുരേഷ്, വട്ടപ്ലാമൂട് സന്തോഷ്, വട്ടപ്ലാമൂട് സുഗതന്, അശോകന്, ശ്രീനാരായണ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് രഘുനന്ദനന്, ധ്യാനപ്രചാരകന് കൈപ്പുഴ ബാബു, ഗുരുധര്‍മ പ്രചാരണ സഭാ രജിസ്ട്രാര്‍ ശശീന്ദ്രന്, പി.ആര്.ഒ. സോമനാഥന്, മുടീത്ര ഭാസ്കരപണിക്കര്‍, മനോഹരന്, കുറിച്ചി സദന്, എസ്എന്‍ഡിപി യോഗം യൂണിയന് ശാഖാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
ഘോഷയാത്ര കടന്നുപോയ സ്ഥലങ്ങളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണങ്ങളാണ് നാട്ടുകാരും വിവിധ സംഘടനകളും ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: