പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു; മമതയ്‌ക്കെതിരെ പരാതി

Wednesday 1 January 2014 3:54 pm IST

കൊല്‍ക്കത്ത: കൂട്ടബലാത്സംഗത്തിനിരയായി 16 വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കി. പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരെയും പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ചികിത്സയിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത് മമതയാണ്. പെണ്‍കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നെടുത്ത് സംസ്‌കരിക്കാന്‍ പോലീസ് നിര്‍ബന്ധപൂര്‍വം ശ്രമിച്ചതായും പിതാവ് ആരോപിച്ചു. ഒക്ടോബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി മടങ്ങുമ്പോള്‍ അതേ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു. പരാതി പിന്‍വലിക്കാനായി പ്രതികളില്‍ നിന്ന് മാനസീകപീഡനവും ഭീഷണിയും തുടര്‍ച്ചയായി ഉണ്ടായതോടെ ഡിസംബര്‍ 23 ന് പെണ്‍കുട്ടി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സക്കിടെ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സിപിഎം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എട്ട് പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തത. പെണ്‍കുട്ടിയുടെ പിതാവ് സിഐടിയു പ്രവര്‍ത്തകനും ടാക്‌സി ഡ്രൈവറുമാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരേ സിപിഎം തെറ്റായ പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജനങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ റോയ് പറഞ്ഞു. അതിനിടെ പോലീസ് കേസ് മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.