ആറന്മുളയില്‍ ഇന്ന്‌ ജനകീയ കൂട്ടായ്മ

Wednesday 1 January 2014 10:22 pm IST

പത്തനംതിട്ട : ആറന്മുള വിമാനത്താവള വിരുദ്ധ പ്രക്ഷോഭം വിപുലവും വ്യാപകവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി ഭാവിപരിപാടികള്‍ വിശദീകരിക്കുന്നതിന്‌ ഇന്ന്‌ ഉച്ചയ്ക്ക്‌ മൂന്നു മണിയ്ക്ക്‌ ആറന്മുള ഐക്കര ജംഗ്ഷനില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൂട്ടായ്മ പ്രശസ്ത കവയിത്രിയും സമിതി അധ്യക്ഷയുമായ സുഗതകുമാരി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കളായ എം എ ബേബി, മുല്ലക്കര രത്നാകരന്‍, വി മുരളീധരന്‍, ഗോപാലന്‍കുട്ടി മാസറ്റര്‍, കുമ്മനം രാജശേഖരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, എ പത്മകുമാര്‍, പി പ്രസാദ്‌, ടി ആര്‍ അജിത്കുമാര്‍, പി ഇന്ദുചൂഡന്‍, അഡ്വ. ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌, എ കെ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.
2004 മുതല്‍ ആറന്മുള കേന്ദ്രീകരിച്ച്‌ നടക്കുന്ന ജനകീയ പ്രക്ഷോഭം നിര്‍ണ്ണായകമായ ഘട്ടത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. അധികാരികളെ തെറ്റിദ്ധരിപ്പിച്ചും നിയമവിരുദ്ധമായുമാണ്‌ അനുമതികള്‍ നേടിയതെന്ന്‌ തെളിഞ്ഞു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും സ്ഥലം എംഎല്‍എ, എംപി തുടങ്ങിയവരുടെയും സഹായത്തോടെ വ്യോമയാന - പ്രതിരോധ- പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുത്ത്‌ കെജിഎസ്‌ ഗ്രൂപ്പ്‌ കോടതി വിലക്കുകളെ മറികടന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. കോടതിവിധിയും ജനവികാരവും മാനിക്കാതെ അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തോടെ വിമാനത്താവള നിര്‍മ്മാണത്തിന്‌ മുതിരുന്ന കെജിഎസ്‌ ഗ്രൂപ്പിനെതിരെ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഭാവി സമരപരിപാടികള്‍ ഇന്ന്‌ ചേരുന്ന ജനകീയ കൂട്ടായ്മയില്‍ പ്രഖ്യാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.