ന്യായവില: ഹൈക്കോടതി വിശദീകരണം തേടി

Thursday 2 January 2014 9:51 pm IST

അങ്കമാലി: ന്യായവില പരാതികള്‍ തീര്‍പ്പാക്കുന്നത്‌ സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അങ്കമാലി സ്വദേശിയായ ടെസ്സി ജോസഫ്‌ ഹൈക്കോടതി അഭിഭാഷകനായ അവനീഷ്‌ കോയിക്കര വഴി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ പി. ആര്‍. രാമചന്ദ്രമേനോന്‍ വിശദീകരണം തേടിയത്‌. ന്യായവില പരാതികളില്‍ ശുപാര്‍ശ നല്‍കാന്‍ ആര്‍.ഡി.ഒ. വില്ലേജ്‌ തലത്തില്‍ അഞ്ചംഗ സമിതി രൂപീകരിക്കുകയും ചില കേസുകളില്‍ സ്വയം കുറഞ്ഞ വില നിശ്ചയിക്കുകയും കളക്ടര്‍ക്ക്‌ കൈമാറുന്ന കേസുകളില്‍ ഉയര്‍ന്ന വില ശുപാര്‍ശ നല്‍കുകയും ചെയ്യുന്നു. നിയമപരമായി യാതൊരു കമ്മറ്റിയും രൂപികരിക്കാന്‍ ആര്‍ക്കും അധികാരം ഇല്ലാതിരിക്കെ അങ്കമാലി വില്ലേജിനു മാത്രം ശുപാര്‍ശ കമ്മിറ്റി രൂപികരിച്ചതും ഫെയര്‍വാല്യൂ പരാതി തീര്‍പ്പാക്കാന്‍ കളക്ടര്‍ക്ക്‌ ആണ്‌ അധികാരം എന്നിരിക്കെ ചില കേസുകളില്‍ സ്വയം കുറഞ്ഞ വില നിശ്ചയിച്ചതും അധികാര ദുര്‍വിനിയോഗമാണെന്ന്‌ ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു.
പരാതിക്കാരിയുടെ കേസില്‍ പല തവണ കോടതിയെ സമീപിച്ചശേഷം ആണ്‌ പരാതി തീര്‍പ്പാക്കിയത്‌ തന്നെ. ആറു ലക്ഷം ആയി വില നിശ്ചയിച്ചിരുന്ന പുരയിടം വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങള്‍ക്ക്‌ ആര്‍.ഡി.ഒ. രണ്ടുലക്ഷം രൂപയും, കളക്ടര്‍ അഞ്ചുലക്ഷം രൂപയും ആയി പുനഃനിര്‍ണ്ണയിച്ചത്‌ ഹര്‍ജ്ജിയില്‍ ചോദ്യം ചെയ്യുന്നു. ഒന്‍പതു മാസത്തിലധികം സമയമെടുത്ത്‌ മാത്രം തീര്‍പ്പാക്കുന്ന പതിവ്‌ ആണ്‌ നിലവില്‍ ഉള്ളത്‌. ഇതുവരെ കോടതി ഇടപെട്ട കേസുകള്‍ മാത്രമാണ്‌ മൂന്നുമാസത്തിനകം തീര്‍പ്പാക്കിയിട്ടുള്ളത്‌. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ്‌ സാധാരണക്കാര്‍. ന്യായവില സംബന്ധിച്ച പ്രശ്നത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാക്കാമെന്ന്‌ ഉറപ്പു നല്‍കിയ സര്‍ക്കാര്‍ പ്രതിനിധികള്‍ ന്യായവില പത്തു ശതമാനം കൂട്ടാനുള്ള ഒരുക്കത്തിലാണ്‌. ഇതുവഴി ആശുപത്രി ചെലവുകള്‍ക്കോ മക്കളുടെ പഠനത്തിനോ, വിവാഹത്തിനോ സ്വന്തം സ്ഥലം വിറ്റ്‌ പണം കണ്ടെത്താമെന്ന പ്രതീക്ഷയാണ്‌ അകന്നു പോകുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.