ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിംഗ്‌ ഒഴിവാക്കും: ജില്ലാ കളക്ടര്‍

Thursday 25 August 2011 10:55 pm IST

കൊച്ചി: ട്രാഫിക്കിന്‌ തടസമുണ്ടാക്കുന്ന തരത്തില്‍ അനധികൃതമായി പാര്‍ക്ക്‌ ചെയ്യുന്നതില്‍ നിന്ന്‌ ഓട്ടോകളെ വിലക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. ഇതിനുമുന്നോടിയായി സിറ്റി, സ്റ്റാന്റ്‌ പെര്‍മിറ്റുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്നും കളക്ടര്‍ പറഞ്ഞു. ട്രാഫിക്ക്‌ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കി വിടുന്നതിന്‌ പകരം നിയമ ലംഘനം രേഖപ്പെടുത്തി കൂടുതല്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട്‌ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ്‌ തീരുമാനം.
വാഹനങ്ങളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ പോലീസും ആര്‍.ടി.ഒയും കര്‍ശന നടപടി സ്വീകരിക്കണം. അതിനായി ആദ്യ ഘട്ടത്തില്‍ പത്ത്‌ ടിപ്പറുകളില്‍ ജി.പി.എസ്‌ സിസ്റ്റം ഘടിപ്പിക്കും. ചരക്കുവാഹനങ്ങളില്‍ ഘടിപ്പിക്കാനാണ്‌ തീരുമാനമെന്ന്‌ ആര്‍.ടി.ഒ അറിയിച്ചു. എല്ലാ പ്രധാന റോഡുകളിലും റോഡ്‌ മാര്‍ക്കിംഗ്‌ വ്യാപിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കും. അതിനായി പൊതുമരാമത്ത്‌ വകുപ്പ്‌, കോര്‍പ്പറേഷന്‍, നാഷണല്‍ ഹൈവേ പോലീസ്‌ എന്നിവരുടെ സഹായത്തോടെ ക്രോസ്‌ ബാര്‍, റോഡിലെ ഇരു വശങ്ങളിലുമുള്ള അടയാളങ്ങള്‍, തുടങ്ങിയ റോഡ്‌ മാര്‍ക്കിംഗ്‌ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
തൃപ്പൂണിത്തുറ പേട്ട കവലയിലെ മീഡിയന്‍ നിര്‍മ്മാണത്തിന്റെ പ്രവൃത്തി വേഗത്തിലാക്കാന്‍ മരാമത്ത്‌ വകുപ്പിനോട്‌ ആവശ്യപ്പെട്ടു. നടപടികളുടെ വിലയിരുത്തലിനും തുടര്‍ നടപടികള്‍ക്കുമായി കൂടുതല്‍ വകുപ്പുകളെ ഉള്‍കൊള്ളിച്ച്‌ യോഗം വിളിച്ച്‌ ചേര്‍ക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.ടി.ഒ ടി.ജെ.തോമസ്‌, എന്‍.എച്ച്‌.എ.ഐ പ്രൊജക്ട്‌ എഞ്ചിനിയര്‍, ക്രൈം ഡിറ്റാച്ച്മെന്റ്‌ ഡി.വൈ.എസ്‌.പി കെ.വി.വിജയന്‍ റെയിസ്‌ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.